Site iconSite icon Janayugom Online

പഞ്ചാബില്‍ ഭഗവന്ദ് മന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാതെ ഒരു മന്ത്രി

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭഗവന്ത് മന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാത്ത മന്ത്രി. 21 മാസമായിട്ട് കുല്‍ദീപ് സിങ് ധലിവാള്‍ ആണ് വകുപ്പില്ലാതെ മന്ത്രിയായിരിക്കുന്നത്. ഭരണ പരിഷ്‌കാര വകുപ്പായിരുന്നു കുല്‍ദീപ് സിങ് വഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിലാണ് ഭരണ പരിഷ്‌കാര വകുപ്പ് എന്നൊരു വകുപ്പ് പോലും നിലവിലുണ്ടായിരുന്നില്ലെന്ന് പറയുന്നത്. 

കുല്‍ദീപ് സിങ് ധലിവാളിന് എന്‍ആര്‍ഐ അഫയേഴ്സ് വകുപ്പിന്റെ ചുമതല മാത്രമാണുള്ളത് എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഭരണ പരിഷ്‌കാര വകുപ്പിനായി ഉദ്യോഗസ്ഥരില്ല, ഒരു യോഗം പോലും വകുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുമില്ല. എന്നിട്ടും കുല്‍ദീപ് സിങ് ധലിവാള്‍ 21 മാസം വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചു.

2023 ലെ മന്ത്രിസഭാ പുനഃസംഘടനയില്‍ കുല്‍ദീപ് സിങില്‍ നിന്നും കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ എന്‍ ആര്‍ ഐ ക്ഷേമ വകുപ്പ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. പഞ്ചാബില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് കൂടിയാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. ഭഗവന്ത് മന്‍ നയിക്കുന്ന എഎപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ പുതിയ തെളിവാണിതെന്ന് ബിജെപി ആരോപിച്ചു.

Exit mobile version