Site icon Janayugom Online

മണിപ്പൂരിനുപിന്നാലെ മേഘാലയയും; മുഖ്യമന്ത്രിയുടെ വീട് ജനക്കൂട്ടം ആക്രമിച്ചു

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മയുടെ വസതിയോടു ചേര്‍ന്നുള്ള ഓഫിസ് ജനക്കൂട്ടം വളഞ്ഞു. സംഘര്‍ഷത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഗ്മയും മറ്റൊരു മന്ത്രിയും ഓഫിസിലിരിക്കുന്ന സമയത്താണ് ജനക്കൂട്ടം വളഞ്ഞത്. ഇവർ വസതിക്കു നേരേ കല്ലേറ് നടത്തുകയും ചെയ്തു. കണ്ണീർവാതകം പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. 

മുഖ്യമന്ത്രിയുടെ ടൂറയിലെ വസതിയിലാണ് സംഭവം. ടൂറയെ മേഘാലയയുടെ ശീതകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും തൊഴില്‍ സംവരണം ഉന്നയിച്ചും ഗാരോ ഹില്‍സ് സിവില്‍ സൊസൈറ്റി ഇവിടെ നിരാഹാര സത്യഗ്രഹം തുടരുകയാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കാണ് സംഗ്മ സ്ഥലത്തെത്തിയത്.

വൈകുന്നേരത്തോടെയാണ് സംഭവം. ചർച്ച നടക്കുന്നതിനിടെ പുറത്തു നിന്നവർ കല്ലേറ് നടത്തുകയായിരുന്നു.
സംഗ്മയ്ക്ക് ആക്രമണത്തിൽ പരിക്കൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, വസതിയിലേക്കുള്ള റോഡ് പ്രക്ഷോഭകർ ഉപരോധിച്ചതിനാൽ അദ്ദേഹത്തിന് മണിക്കൂറുകളോളം പുറത്തുകടക്കാനായില്ല. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ കിടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും ആശങ്ക നിലനില്‍ക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

സമരരംഗത്തുള്ള സംഘടനകളുമായി ചര്‍ച്ച നടത്താമെന്ന് നേരത്തെ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അത് പ്രകാരം ഷില്ലോങ്ങില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും വീഡിയോ സന്ദേശത്തില്‍ സംഗ്മ പറഞ്ഞു. പ്രദേശത്തെ ഭൂരിഭാഗം ആളുകളും എന്‍ജിഒകളും നിരാഹാരത്തിന്റെ ഭാഗമല്ല. വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: A mob attacked the Chief Min­is­ter’s house in Meghalaya

You may also like this video

Exit mobile version