Site iconSite icon Janayugom Online

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ ഗവേണന്‍സ് സംവിധാനം ഒരുക്കും

e governancee governance

കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനും വേണ്ടി ആധുനിക ഇ ഗവേണന്‍സ് സംവിധാനം നടപ്പാക്കും.

തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമ്പതോളം ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വേറുകളും എന്‍ഐസി, ഐടി മിഷന്‍, ഐഐഐടിഎംകെ തുടങ്ങിയ ഏജന്‍സികളുടെ സോഫ്റ്റ്‌വേറുകളും സംയോജിപ്പിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വേര്‍ തയാറാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഇതിന്റെ നിര്‍വഹണ ചുമതല.

ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനായി കെ ഫോണ്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ബാബു, ചീഫ് മിഷന്‍ ഡയറക്ടറായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മറ്റ് വിഷയ സാങ്കേതിക വിദഗ്‌ധരും അടങ്ങുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഇ ഗവേണന്‍സ് കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

ആധുനിക സാങ്കേതിക വിദ്യകളായ ക്ലൗഡ് കമ്പ്യൂട്ടറിങ്, ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിങ്, വിര്‍ച്വല്‍ ആന്റ് ഓഗ്മെന്റേഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയവയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് പുതിയ സോഫ്റ്റ്‌വേര്‍ തയാറാക്കുക.

ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ അതിവേഗതയിലും കൃത്യതയോടെയും പൊതുജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ലഭ്യമാക്കാന്‍ കഴിയും. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന ജോലി ഭാരം ലഘൂകരിക്കുന്നതിനൊപ്പം ഒട്ടേറെ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നതിലുള്ള പ്രയാസങ്ങള്‍ക്കും പരിഹാരം കാണാനാവും. ആറ് മാസത്തിനകം തന്നെ പ്രാഥമിക സേവനങ്ങള്‍ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്.

ഒരു വര്‍ഷത്തിനകം മുഴുവന്‍ സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് സോഫ്റ്റ്‌വേര്‍ വിന്യാസം.

കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഐടി മേഖലയിലെ സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: A mod­ern e‑governance sys­tem will be set up for the local bodies

You may like this video also

Exit mobile version