Site iconSite icon Janayugom Online

അമ്മയുടെ മടിയിൽ നിന്ന് 20 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ് കുരങ്ങൻ; രക്ഷയായത് ‘ഡയപ്പർ’

അമ്മയുടെ മടിയിൽ നിന്ന് കുരങ്ങൻ തട്ടിയെടുത്തു കിണറ്റിലെറിഞ്ഞ 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഛത്തീസ്ഗഢിലെ സെവ്നി ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം നടക്കുന്നതുവരെ പത്ത് മിനിറ്റോളം വെള്ളത്തിൽ മുങ്ങിത്താഴാതെ കുഞ്ഞിനെ കാത്തത്‌ ധരിപ്പിച്ചിരുന്ന ഡയപ്പർ ആയിരുന്നു.

ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അമ്മ സുനിത റാത്തോഡ് വീടിന്റെ വരാന്തയിൽ കുഞ്ഞുമായി ഇരിക്കുമ്പോഴാണ് നാലഞ്ചു കുരങ്ങന്മാർ അവിടേക്ക് എത്തി പെട്ടെന്ന് കുഞ്ഞിനെ തട്ടിയെടുത്ത് വീടിന്റെ മേൽക്കൂരയിലേക്ക് ഓടിക്കയറിയത്. പരിഭ്രാന്തരായ ബന്ധുക്കൾ ബഹളം വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ, കുരങ്ങൻ കുഞ്ഞിനെ അടുത്തുള്ള ഒരു തുറന്ന കിണറ്റിലേക്ക് എറിഞ്ഞ ശേഷം ഓടിപ്പോയി.

ഓടിയെത്തിയ നാട്ടുകാർ കിണറ്റിലേക്ക് ബക്കറ്റ് താഴ്ത്തി മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് ധാരാളം വെള്ളം കുടിച്ചിരുന്നെങ്കിലും പൂർണ്ണമായും മുങ്ങിപ്പോയിരുന്നില്ല. കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിച്ചതാകാം വലിയൊരു അപകടം ഒഴിവാക്കിയതെന്ന് പിതാവ് അരവിന്ദ് റാത്തോഡ് വിശ്വസിക്കുന്നു.

ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റി. കുഞ്ഞിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചു വരുന്നതിലുള്ള ആശങ്കയും കുഞ്ഞിന്റെ പിതാവ് പങ്കുവെച്ചു.

Exit mobile version