Site iconSite icon Janayugom Online

അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവു നായ കടിച്ചുകൊന്നു

dogdog

തെരുവു നായയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ആശുപത്രിയില്‍ അമ്മയുടെ അടുത്ത് ഉറങ്ങുകയായിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവ് നായ എടുത്തുകൊണ്ടുപോയി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരണപ്പെട്ടു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.

ആശുപത്രിക്ക് പുറത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭത്തില്‍ പോലീസും ആശുപത്രി മാനേജ്മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വൈകി രണ്ട് നായ്ക്കള്‍ ആശുപത്രിയിലെ ടിബി വാര്‍ഡിനുള്ളില്‍ കയറിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നായകളിലൊന്ന് കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു. 

കുട്ടിയുടെ പിതാവിന് ടിബി രോഗമുണ്ടെന്ന് കോട്വാലി ഇന്‍ചാര്‍ജ് സീതാറാം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് കുട്ടിയുടെ അമ്മയാണ് രോഗിയെ പരിചരിച്ചിരുന്നത്. ഇതിനിടയില്‍ അമ്മ മയങ്ങിപ്പോയപ്പോളാണ് കുഞ്ഞിനെ നായ കടിച്ചെടുത്തത്. സംഭവസമയത്ത് ആശുപത്രിയിലെ ജീവനക്കാര്‍ ആരും ടിബി വാര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: A month-old baby was bit­ten by a stray dog ​​while it was sleep­ing next to its mother

You may like this video

Exit mobile version