കടലിൽ നീന്തുന്നതിനിടയിൽ സ്രാവിന്റെ ആക്രമണത്തിൽപെട്ട യുവതി മരിച്ചു. മെക്സിക്കോയിലാണ് സംഭവം. മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് (26) എന്ന യുവതിയാണ് മരിച്ചത്. മെക്സിക്കോയിലെ അറിയപ്പെടുന്ന ബീച്ച് പട്ടണമായ ബാര ഡി നവിദാദിന് സമീപത്തുള്ള മെലാക്കിലെ ബീച്ചില്‍ അഞ്ചു വയസുകാരിയായ മകളോടൊപ്പം യുവതി കടലിൽ നീന്തുകയായിരുന്നു . സ്രാവിനെ കണ്ടപ്പോൾ മകളെ സ്രാവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് ഉയർത്തുന്നതിനിടയിലാണ് മരിയയെ സ്രാവ് ആക്രമിക്കുന്നത്.
മരിയയുടെ ഒരു കാൽ സ്രാവ് കടിച്ചെടുക്കുകയായിരുന്നു. കടിയേറ്റ കാലിൽ നിന്ന് രക്തം വാർന്നാവാം മരിയ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കടലിൽ യുവതി കുടുങ്ങിയെന്ന വിവരം ലഭിച്ചയുടനെ രക്ഷാപ്രവർത്തകര്‍ എത്തിയെങ്കിലും ഒരു കാൽ പൂർണമായും വേർപെട്ട അവസ്ഥയിൽ തീരത്ത് കിടക്കുന്ന യുവതിയെയാണ് കണ്ടത്. അപകടത്തിന് പിന്നാലെ പ്രദേശവാസികളും സന്ദർശകരും വെള്ളത്തിലിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നൽകി.
മുൻകരുതലെന്ന നിലയിൽ മെലാക്കിലെയും ബരാ ഡി നവിദാദിലെയും ബീച്ചുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ബീച്ചുകളിൽ സുരക്ഷ ഉറപ്പുനൽകുന്നതിനുമായി ആവശ്യമായ നടപടികൾ ഉടന്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.
English Summary:A mother meets a tragic end while trying to save her daughter from a shark
You may also like this video