നാല് വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മ അറസ്റ്റിൽ. വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയെയാണ്(22) വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ശ്വേത കുട്ടിയെ 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ കാണുന്നത് കിണറ്റിലെ മോട്ടർ പൈപ്പിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെയാണ്. ഉടൻ തന്നെ അയൽവാസികളും നാട്ടുകാരും ചേർന്ന് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
നാല് വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; അമ്മ അറസ്റ്റിൽ

