Site iconSite icon Janayugom Online

വിവാഹ ചടങ്ങിനിടയിൽ മോശമായ പെരുമാറിയവരെ ചോദ്യം ചെയ്ത ദേശീയ പാരാ അത്‌ലറ്റിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഹരിയാനയില്‍ വിവാഹ ചടങ്ങിനിടയിൽ മോശമായ പെരുമാറിയവരെ ചോദ്യം ചെയ്തതിനെ തുടർന്ന് ക്രൂരമായി മർദനമേറ്റ ദേശീയ പാരാ അത്‌ലറ്റിന് ദാരുണാന്ത്യം. രോഹിത് ധൻകർ (28) ആണ് കൊല്ലപ്പെട്ടത്. മര്‍ദനത്തില്‍ രോഹിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 

സുഹൃത്തിനൊപ്പം രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്. ചടങ്ങിനിടെ, വരന്റെ ഭാഗത്തുനിന്നുള്ള ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിതും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. ചടങ്ങിൽവെച്ച് തന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും പരിപാടിക്ക് ശേഷം പിന്തുടർന്നെത്തിയ സംഘം രോഹിതും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി. 20 ഓളം ആളുകൾ ചേർന്ന് കാർ വളഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് രോഹിതിൻറെ സുഹൃത്ത് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആദ്യം ഭിവാനി ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് റോത്തക്കിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. പൊലീസ് ഇതുവരെ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച വാഹനങ്ങളിൽ ഒരെണ്ണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version