Site iconSite icon Janayugom Online

21.65 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയ സ്വദേശി അറസ്റ്റില്‍

സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് 21.65 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയ സ്വദേശി അറസ്റ്റില്‍. സൗത്ത് ഡല്‍ഹി നെബ് സരായ്യില്‍ താമസമാക്കിയ റെയ്മണ്ട് ഒനിയെമയെയാണ് (35) പാലക്കാട് സൈബര്‍ പൊലീസ് സംഘം ന്യൂഡല്‍ഹിയിലെത്തി പിടികൂടിയത്. 2021 നവംബറിലാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് കൂറ്റനാട് സ്വദേശി പരാതി നല്‍കിയത്. സമൂഹമാധ്യമം വഴി ലഭിച്ച റെയ്മണ്ടിന്റെ സൗഹൃദ അപേക്ഷ സ്വീകരിക്കുകയും പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് സൗഹൃദം ദൃഢമാക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. യുഎസിലെ ടെക്‌സസില്‍ ഡോക്ടറായ താന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നും സമ്മാനങ്ങള്‍ കരുതിയിട്ടുണ്ടെന്നും അറിയിച്ച് കൂറ്റനാട് സ്വദേശിയുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്.

യാത്രയ്ക്കിടെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയെന്നും പിഴയിനത്തില്‍ അടയ്ക്കാന്‍ തുക വേണമെന്നും പറഞ്ഞ് ആദ്യം ചെറിയതുക വാങ്ങി. പിന്നീട് പലപ്പോഴായി മൊത്തം 21.65 ലക്ഷം രൂപയും കൈപ്പറ്റി. പിന്നീട് ആളെ നേരില്‍ കാണാതായതോടെ കൂറ്റനാട് സ്വദേശി സൈബര്‍ പൊലീസിനെ സമീപിച്ചു. മൊബൈല്‍ നമ്പറും ഇരുവരും നടത്തിയ ബാങ്ക് ഇടപാടിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് റെയ്മണ്ടിനെ കുടുക്കിയത്. 2014 മുതല്‍ റെയ്മണ്ട് ഇന്ത്യയില്‍ സ്ഥിരതാമസക്കാരനാണെന്നും പൊലീസ് പറഞ്ഞു.

കൂറ്റനാട് സ്വദേശിയില്‍നിന്ന് തട്ടിയെടുത്ത പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ പ്രതാപ് പറഞ്ഞു. ആര്‍ബിഐയുടേതടക്കം വ്യാജ വെബ് സൈറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനുപിന്നിലും റെയ്മണ്ടിന് പങ്കുണ്ടെന്ന് പൊലീസ് കരുതുന്നു. എഎസ്‌ഐ യു സലാം, എസ്‌സിപിഒ എം മനേഷ്, സിപിഒ ജി അനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Eng­lish sum­ma­ry; A native of Nige­ria was arrest­ed in the case of steal­ing 21.65 lakh rupees

You may also like this video;

Exit mobile version