Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും ‘കുഞ്ഞു രാമായണ’വുമായി തൃശൂർ സ്വദേശി

രാമായണ ശീലുകളാൽ മുഖരിതമാകുന്ന കർക്കടക മാസത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ രാമായണം കൗതുകമാകുന്നു. തൃശൂർ പുറനാട്ടുകര സ്വദേശിയായ ആറ്റൂർ സന്തോഷ് കുമാർ ആണ് ലോകത്തിലെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത രാമായണം തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് മില്ലീമീറ്റർ നീളവും വീതിയുമുള്ള കുഞ്ഞൻ പുസ്തകത്തിൽ രാമായണത്തിലെ 24,000 ശ്ലോകങ്ങളുടെ സംഗ്രഹമാണ് അവതരിപ്പിച്ചിട്ടുള്ളത്. ലെൻസുപയോഗിച്ച് വായിക്കാവുന്ന ഈ ഇത്തിരികുഞ്ഞൻ ഭക്തിക്കൊപ്പം കൗതുകവും പകരുന്നു.
മലയാള ഭാഷയിലെ ‘അ’ മുതൽ ‘റ’ വരെയുള്ള 51 അക്ഷരങ്ങളിലൂടെയാണ് രാമായണത്തിന്റെ ആദ്യപേജുകൾ ആരംഭിക്കുന്നത്. ഒരു പേജിൽ മൂന്നു വാക്കുകൾ വീതം ഉൾപ്പെടുത്തി 201 പേജുകളിലായി അന്തസത്ത ചോരാതെയും കഥാപാത്രങ്ങളോടും സന്ദർഭങ്ങളോടും യോജിച്ച രീതിയിലുമാണ് സംക്ഷിപ്ത രൂപം തയ്യാറാക്കിയിട്ടുള്ളത്. 

സ്വന്തമായി പ്രിന്റിങ് പ്രസ് നടത്തുന്ന സന്തോഷ് കുമാർ കഴിഞ്ഞ കോവിഡ് കാലത്താണ് പുസ്തക രചനയിലേക്ക് തിരിയുന്നത്. ഒരു ഇത്തരിക്കുഞ്ഞൻ വൈറസ് ഈ ലോകത്തെ തന്നെ വീട്ടിനകത്തു തളച്ചിട്ടപ്പോഴാണ് ഇത്തരത്തിലൊരു പുസ്തകമെന്ന ആശയത്തിലേക്കെത്തിയതെന്ന് സന്തോഷ് പറയുന്നു. കഴിഞ്ഞ മൂന്നു വർഷത്തോളം നീണ്ട പരിശ്രമം ഒരു കുഞ്ഞു ചെപ്പിലാണ് വായനക്കാരിലേക്കെത്തിക്കുന്നത്. ലെൻസുപയോഗിച്ച് വായിക്കാൻ കഴിയാത്തവർക്കായി ഒരു മിനിയേച്ചർ പതിപ്പ് കൂടി നൽകുന്നുണ്ട്. 50 രൂപയാണ് വില. സ്വതന്ത്ര വ്യാഖ്യാനങ്ങളിലൂടെ രാമായണത്തിലെ ശത്രുഘ്നനെക്കുറിച്ച് വിവരിക്കുന്ന ശത്രുഘ്ന മൗനം എന്ന പുസ്തകവും സന്തോഷ് കുമാർ രചിച്ചിട്ടുണ്ട്. സിപിഐ മുതുവറ ലോക്കൽ കമ്മിറ്റിയംഗമാണ്. രഞ്‍‍ജിത ആർ നായരാണ് ഭാര്യ. സ‍ഞ്ജിത്ത്, ശ്രീശാന്ത് എന്നിവർ മക്കളാണ്. 

Eng­lish Summary:A native of Thris­sur with the ‘small Ramayana’

You may also like this video

Exit mobile version