Site iconSite icon Janayugom Online

പുതു ചാമ്പ്യന്‍ പിറക്കും; അമാന്റ അനിസിമോവ v/s ഇഗ സ്വിയാടെക്ക്

വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ഇത്തവണ പുതു ചാമ്പ്യന്‍ പിറക്കും. പോളണ്ടിന്റെ ഇഗ സ്വിയാടെക്കും യുഎസിന്റെ അമാന്റ അനിസിമോവയും തമ്മിലുള്ള കലാശപ്പോരാട്ടം നാളെ നടക്കും. സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസ ജയമാണ് ഇഗ സ്വന്തമാക്കിയത്. ആദ്യ സെറ്റ് 6–2ന് നേടിയ ഇഗ രണ്ടാം സെറ്റ് ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6–0ന് കൈക്കലാക്കി. ഇതോടെ താരം തന്റെ കന്നി വിംബിള്‍ഡണ്‍ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. 

ക്ലേ കോര്‍ട്ടില്‍ മികച്ച റെക്കോഡുള്ള താരമാണ് ഇഗ. തന്റെ അഞ്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ക്ലേ കോര്‍ട്ടിലാണ് താരം സ്വന്തമാക്കിയത്. 2022ല്‍ ഹാര്‍ഡ് കോര്‍ട്ടില്‍ നടന്ന യുഎസ് ഓപ്പണ്‍ കിരീടവും ഇഗ നേടിയിട്ടുണ്ട്. എന്നാല്‍ വിംബിള്‍ഡണിലേക്ക് വരുമ്പോള്‍ ഗ്രാസ്‌കോര്‍ട്ടിലെ തന്റെ ആദ്യ കിരീടം ഇഗ ഉയര്‍ത്തുമോയെന്നാണ് കണ്ടറിയേണ്ടത്. അതേസമയം ലോക ഒന്നാം നമ്പര്‍ താരം ബെലാറുസിന്റെ അര്യാന സബലങ്കയെ അട്ടിമറിച്ചാണ് അമാന്റ അനിസിമോവ കന്നി വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6–4, 4–6, 6–4 എന്ന സ്കോറിനാണ് അമാന്റയുടെ വിജയം. കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് അമാന്റ ലക്ഷ്യമിടുന്നത്.

Exit mobile version