Site iconSite icon Janayugom Online

നേപ്പാളി രാഷ്ട്രീയത്തിൽ പുതുയുഗം? ജെൻസീ ഗ്രൂപ്പ് പുതിയ പാർട്ടി രൂപീകരിക്കുന്നു, പ്രഖ്യാപനവുമായി മിരാജ് ധുങ്കാന

കെ പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ രാജിക്ക് വഴിയൊരുക്കിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ജെൻസീ ഗ്രൂപ്പ് നേപ്പാളിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. 2026 മാർച്ച് 5ന് നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ പ്രഖ്യാപനം രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കും. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ മിരാജ് ധുങ്കാന പത്രസമ്മേളനത്തിലൂടെയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പ്രഖ്യാപിച്ചത്. നേപ്പാളിലെ യുവാക്കളെ സംഘടിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന എക്സിക്യൂട്ടീവ് സംവിധാനം, വിദേശത്തുള്ള നേപ്പാൾ പൗരന്മാർക്ക് വോട്ടിംഗ് അവകാശം എന്നിവയാണ് ജെൻസീ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. മികച്ച ഭരണം, അഴിമതി വിരുദ്ധത എന്നിവയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും, യുവാക്കളുടെ പോരാട്ടം വെറുതെയാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിയന്ത്രണത്തിനായി പൗരന്മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി, സാമ്പത്തിക പരിഷ്കരണത്തിനായുള്ള വ്യക്തമായ നയം എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും ധുങ്കാന അറിയിച്ചു. രാഷ്ട്രനിർമ്മാണ ദൗത്യത്തിൽ എല്ലാ മേഖലയിൽ നിന്നുമുള്ള കൂട്ടായ സഹകരണമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർട്ടിക്ക് അനുയോജ്യമായ പേരിനായി അഭിപ്രായങ്ങൾ തേടിയിരിക്കുകയാണെന്നും ധുങ്കാന അറിയിച്ചു.

തൊഴിലന്വേഷിച്ച് യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനാൽ രാജ്യത്തിന്റെ സാമ്പത്തിക വികസനം സ്തംഭിച്ചതിന് മുൻ സർക്കാരുകളാണ് ഉത്തരവാദിയെന്നും ധുങ്കാന വിമർശിച്ചു. അയൽരാജ്യങ്ങളിലെ വലിയ വിപണി ലക്ഷ്യമാക്കി ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങൾ തുറക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടക്കാല സർക്കാർ നടപടികൾ സ്വീകരിക്കണം. നേപ്പാളിലെ ടൂറിസം മേഖലയിലും വികസനം ആവശ്യമാണെന്നും മിരാജ് ധുങ്കാന ചൂണ്ടിക്കാട്ടി.

Exit mobile version