ഏവിയേഷന്‍ മേഖലയിലെ അറ്റകുറ്റണികള്‍ , സാങ്കേതിക സഹായങ്ങള്‍, പരിശീലനം എന്നിവയ്ക്ക് എകീകൃത സംവിധാനമൊരുക്കുന്ന സിയാല്‍ എയ്റോ പാര്‍ക്ക് മുഖ്യമന്ത്രി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 36 ഏക്കറിൽ സജ്ജമാക്കിയിരിക്കുന്ന ഈ പാർക്കിൽ 101 കോടി രൂപയുടെ ആറ് വൻകിട പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, സിഐഎഎസ്എൽ ബിസിനസ് സെന്റർ, രാജ്യത്തെ തന്നെ പ്രഥമ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രമായി എയ്‌റോ പാർക്കിനെ മാറ്റാനാണ് സിയാൽ ലക്ഷ്യമിടുന്നത്.
പാർക്കിലെ പ്രധാന ആകർഷണമായ സിഐഎഎസ്എൽ ബിസിനസ് സെന്റർ 30 കോടി രൂപ ചെലവിൽ 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നാനൂറിലധികം പേർക്ക് ഒരേസമയം ജോലി ചെയ്യാവുന്ന ഈ പ്രീമിയം കോ-വർക്കിങ് സ്‌പേസിൽ കോൺഫറൻസ് റൂമുകൾ, പോഡ്‌കാസ്റ്റ് സ്റ്റുഡിയോകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ, വിമാനത്താവള ആസ്തികളുടെ സംരക്ഷണത്തിനും ഏകോപനത്തിനുമായി 15 കോടി രൂപ ചെലവിൽ അത്യാധുനിക ടെക്നിക്കൽ സപ്പോർട്ട് സർവീസ് സെന്ററും പ്രവർത്തനമാരംഭിച്ചു. അഗ്നിരക്ഷാസേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി സജ്ജമാക്കിയ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയിൽ കൃത്രിമമായ പുകയും ഇരുട്ടും സൃഷ്ടിച്ച് വെല്ലുവിളികൾ നേരിടാൻ പരിശീലനം നൽകുന്നു.
ഭാവി വികസനത്തിന്റെ ഭാഗമായി 45 കോടി രൂപ ചെലവിൽ 53,800 ചതുരശ്രയടി വിസ്തീർണ്ണമുള്ള കൂറ്റൻ ഹാങ്ങർ ഉൾപ്പെടുന്ന എയർക്രാഫ്റ്റ് പാർക്കിങ് ഫെസിലിറ്റി മൂന്ന് മാസത്തിനകം പൂർത്തിയാകും. കൂടാതെ, എയർബസ് എ 320 വിമാനത്തിന്റെ മാതൃകയിൽ എട്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ലൈവ്-ഫയർ ട്രെയിനിങ് ഫെസിലിറ്റി രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. വിമാന അപകടങ്ങളിലെ തീപിടുത്തങ്ങൾ നേരിടാൻ ഇത് സഹായിക്കും. ജലാശയങ്ങളിലെ അപകടസാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള അണ്ടർ വാട്ടർ റെസ്‌ക്യൂ ട്രെയിനിങ് സെന്ററിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. ചുരുങ്ങിയ കാലയളവിൽ ഏവിയേഷൻ മേഖലയിൽ കേരളത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ഈ പദ്ധതികൾ സഹായകമാകും.

