Site iconSite icon Janayugom Online

റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ വാങ്ങും

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് ഒരുങ്ങുന്നത്. സാങ്കേതിക തടസം മൂലം റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുള്ള തീരുമാനം. ഇതിനായി 3.54 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. 

സെര്‍വറിലെ തകരാറാണ് മസ്റ്ററിങ് തടസപ്പെടാന്‍ കാരണം. ഐടി മിഷന്റെയും എന്‍ഐസി ഹൈദരാബാദിന്റേയും സെര്‍വറുകളിലൂടെയാണ് മസ്റ്ററിങ്ങ് സമയത്തെ ആധാര്‍ ഒതന്റിഫിക്കേഷന്‍ നടക്കുന്നത്. ആധാര്‍ ഒതന്റിഫിക്കേഷന് ഭാവിയില്‍ പ്രശ്നം വരാതിരിക്കുവാന്‍ അധിക സജ്ജീകരണം എന്ന നിലയിലാണ് പുതിയ സെര്‍വര്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്‍ഐസിയുടെ ഡല്‍ഹിയില്‍ നിന്നുള്ള അഡീഷണല്‍ സെര്‍വറിന്റെ സേവനമാണ് സംസ്ഥാനത്ത് ലഭ്യമാക്കുന്നത്. 

മസ്റ്ററിങ് സമയത്ത് ഇനി തടസമുണ്ടായാല്‍ പുതിയ സെര്‍വറിലൂടെ ആധാര്‍ ഒതന്റിഫിക്കേഷന്‍ വേഗത്തിലാക്കാന്‍ കഴിയും. രണ്ട് ദിവസത്തിനകം പുതിയ സെര്‍വറിന്റെ സേവനം ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റേഷന്‍ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍ഐസിയ്ക്കും ഐടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ് ശനിയാഴ്ച മുതല്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: A new serv­er will be pur­chased to solve the cri­sis in ration mustering
You may also like this video

Exit mobile version