Site iconSite icon Janayugom Online

ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊലപ്പെടുത്തി, മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു; അമ്മ അറസ്റ്റിൽ

മകളെ ആസൂത്രിതമായി കൊലപ്പെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ ആഷ്‌ലി ബസാർഡിനെ(40) കലിഫോർണിയ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് വയസ്സുകാരി മെലോഡി ബസാർഡാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 7ന് കലിഫോർണിയയിൽ നിന്ന് ഒരു റോഡ് ട്രിപ്പിന് പോയ ആഷ്‌ലിയും മകളും ഒക്ടോബർ 9ന് കൊളറാഡോ-യൂട്ടാ അതിർത്തിയിലാണ് അവസാനമായി ഒരുമിച്ച് കാണപ്പെട്ടത്. ഒക്ടോബർ 10ന് ആഷ്‌ലി വീട്ടിൽ തിരിച്ചെത്തിയത് തനിച്ചായിരുന്നു. സ്കൂളിൽ കുട്ടി ഹാജരാകാത്തതിനെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. 

പിടിക്കപ്പെടാതിരിക്കാൻ യാത്രയ്ക്കിടെ വിഗ്ഗുകൾ ധരിച്ചും കാറിന്റെ നമ്പർ പ്ലേറ്റുകൾ മാറ്റിയുമായിരുന്നു ആഷ്‌ലിയുടെ യാത്ര. യൂട്ടായിലെ വിജനമായ പ്രദേശത്തുനിന്നാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ മെലോഡിയുടെ മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇത് മെലോഡിയാണെന്ന് സ്ഥിരീകരിച്ചത്. ആഷ്‌ലിയുടെ വീട്ടിൽ നിന്നും കാറിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ കൊലപാതക സ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്നതായി പൊലീസ് സ്ഥിതീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രതി പൊലീസിനോട് സഹകരിക്കുന്നില്ലെന്നും കൊലപാതകം ആസൂത്രിതമാണെന്നും ഷെരീഫ് ബിൽ ബ്രൗൺ വ്യക്തമാക്കി. ആഷ്‌ലി തനിച്ച് തന്നെയാണ് ഈ കുറ്റം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version