Site iconSite icon Janayugom Online

ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; കുട്ടിയുടെ അമ്മയോട് ഫോണിൽ സംസാരിച്ച് ആരോഗ്യമന്ത്രി

പാലക്കാട് ഒമ്പത് വയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ദിവസവും മന്ത്രി കുഞ്ഞിന്റെ കാര്യങ്ങൾ സൂപ്രണ്ടിനെ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ മന്ത്രിയ്ക്ക് കഴിഞ്ഞില്ലെന്നും വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് മന്ത്രി അറിയിച്ചതെന്നും പ്രസീത പറഞ്ഞു. 

ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്ന് ആരോഗ്യമന്ത്രി തങ്ങളെ അറിയിച്ചിട്ടുണ്ട്. പാലക്കാട് കളക്ടർ വഴി ഇക്കാര്യങ്ങൾ ചെയ്തു നൽകുമെന്നും പറഞ്ഞു. എല്ലാവിഷയത്തിലും ഇടപെടുന്ന ആരോഗ്യമന്ത്രി കുഞ്ഞിന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായിട്ടും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടിക്ക് വേദന ഉണ്ടായിട്ടും ഇൻഫെക്ഷൻ പരിശോധന നടത്തിയില്ല, പരിക്കേറ്റ കുട്ടിയുടെ ബി പി പരിശോധിച്ചില്ല, ആദ്യ ഘട്ടത്തിൽ നൽകേണ്ട ആന്റിബയോട്ടിക്ക് നൽകിയില്ല തുടങ്ങി കാര്യങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് രണ്ട് ഡോക്ടറുമാരെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ICU വിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Exit mobile version