കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിലെ ‘ഇടനെഞ്ചിലെ മോഹ’ എന്ന ഗാനത്തിന്റെ വീഡിയോ സോംങ് സരിഗമ മ്യൂസിക്ക് പുറത്തിറക്കി. മലയാളികൾ ഏറ്റുപാടാറുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ കൊണ്ട് വിസ്മയം സൃഷ്ടിച്ച ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും അദ്ദേഹത്തിന്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്ന ഗാനമാണിത്.
ഇന്ത്യൻ സിനിമയിൽ അച്ഛനും മകനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങൾക്ക് ഉണ്ട്. ഹരികാംബോജി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് ഹസീന എസ് കാനം ആണ്. യുവ ഗായക നിരയിൽ ശ്രദ്ധേയനായ കെ എസ് ഹരിശങ്കറിന്റെ മാസ്മരിക ശബ്ദത്തോടൊപ്പം ശ്രീജാ ദിനേശ് എന്ന ഗായികയും പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.
ആദ്യ കേൾവിയിൽ തന്നെ ആസ്വാദക മനസിൽ ഇടം പിടിക്കുന്ന ഗാന രംഗത്തിൽ ധ്യാനിന്റെ നായികയായി എത്തുന്നത് ദിൽന രാമകൃഷ്ണനാണ്. ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ചെറിയ സമയത്തിനുള്ളിൽ വളരെ ട്രെൻഡിംഗ്ഗ് ആയി മാറിക്കഴിഞ്ഞു. നാട്ടിൻ പുറത്തിന്റെ നന്മകൾ നിറഞ്ഞ മുണ്ടുടുത്ത നായകനെയാണ് പാട്ടിലൂടെ നമുക്ക് കാണാൻ കഴിഞ്ഞത്. ദൃശ്യഭംഗി കൊണ്ട് മനോഹരമായ ഈ ഗാനം മലയാളികൾ ഏറ്റുപാടാനും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കാനും സാധ്യത ഏറുന്നു. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് നവാഗതനായ സനു അശോകാണ്. പവി കെ പവൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ജിതിൻ ഡി കെ. കോ പ്രൊഡ്യൂസേഴ്സ് സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ് എന്നിവരാണ്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഫാമിലി എന്റർടെയ്നർ എന്ന് തോന്നിക്കുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വിട്ടിരുന്നു. പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് അധികം വൈകാതെ ‘ഒരു വടക്കൻ തേരോട്ടം’ തിയേറ്ററിൽ എത്തിക്കും.

