Site iconSite icon Janayugom Online

മഹാരാഷ്ട്രയിൽ നഴ്‌സിനെ ഹോട്ടൽമുറിയിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു

മഹാരാഷ്ട്രയിൽ ഹോട്ടൽമുറിയിൽ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു. ഛത്രപതി സംഭാജിനഗറിലാണ് സംഭവം. കേസിൽ പ്രതികളായ ഘനശ്യാം റാത്തോഡ്, ഋഷികേ് ചവാൻ, കിരൺ റാത്തോഡ് എന്നിവരെ പൊലീസ് അറസ്റ്റ്‌ചെയ്തു. നഗരത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലിൽ സുഹൃത്തിനെ കാണാനെത്തിയ യുവതിയെയാണ് മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികൾ മദ്യപിക്കാനാണ് മുറിയെടുത്തത്. 

ഇതിനിടെയാണ് രാത്രി 11 മണിയോടെ യുവതി സുഹൃത്തിനെ കാണാനായി ഹോട്ടലിലെത്തിയത്. യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്നത് 205-ാം നമ്പർ മുറിയിലായിരുന്നു. എന്നാൽ, റൂം നമ്പർ മാറിപ്പോയ യുവതി പ്രതികൾ കഴിഞ്ഞിരുന്ന 105-ാം നമ്പർ മുറിയിലാണ് എത്തിയത്. വാതിലിൽ മുട്ടിയതോടെ പ്രതികൾ വാതിൽ തുറന്നു. എന്നാൽ മുറിയിൽ മദ്യപിക്കുന്നത് കണ്ട യുവതി തന്റെ സുഹൃത്തിന്റെ പേരെടുത്ത് വിളിച്ചു. അദ്ദേഹം ഇവിടെയുണ്ടോ എന്നും തിരക്കി. എന്നാൽ അങ്ങനെയൊരാൾ ഇവിടെയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി. തുടർന്ന് ക്ഷമാപണം നടത്തി മടങ്ങുന്നതിനിടെയാണ് പ്രതികളിലൊരാൾ യുവതിയെ കയറിപ്പിടിച്ചത്. പിന്നാലെ ബലംപ്രയോഗിച്ച് മുറിക്കുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി. മുറി പൂട്ടിയിട്ടശേഷം മൂവരും ചേർന്ന് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മാറിമാറി ബലാത്സംഗംചെയ്യുകയുമായിരുന്നു.

പുലർച്ചെ മൂന്നുമണിയോടെയാണ് യുവതിക്ക് മുറിയിൽനിന്ന് പുറത്തുകടക്കാനായത്. ഉടൻതന്നെ യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽ ഋഷികേശ് ചവാൻ എംബിഎ വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു. മറ്റുരണ്ട് പ്രതികൾ ബാങ്കിലെ റിക്കവറി ഏജന്റുമാരായി ജോലിചെയ്യുന്നവരാണ്. അതിക്രമത്തിനിരയായ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണെന്നും സുഹൃത്തിനെ കണ്ട് പണം കടം വാങ്ങാനായാണ് യുവതി ഹോട്ടലിൽ പോയതെന്നും പൊലീസ് പറഞ്ഞു.

Exit mobile version