Site iconSite icon Janayugom Online

ബൈക്ക് ഇടിച്ച് ഓട്ടോ മറിഞ്ഞു; അമ്മയുടെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു

ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ഒരു വയസ്സുകാരന്‍ മരിച്ചു. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന്‍ ആബിദ് മിന്‍ഹാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം. കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിതുരയില്‍ നിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു. നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Exit mobile version