റോമിലെ പള്ളിയിൽ വരച്ച മാലാഖയുടെ ചിത്രത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായി സാദൃശ്യം വന്നത് വിവാദത്തില്‍. ലൂസിനയിലെ സെന്റ് ലോറൻസ് ബസിലിക്കയുടെ ചാപ്പലിൽ സ്ഥാപിച്ചിരുന്ന ചിത്രത്തിനാണ് അടുത്തിടെ നടന്ന പുനരുദ്ധാരണത്തിനു ശേഷം മെലോനിയുടെ മുഖച്ഛായ വന്നത്. പെയിന്റിങ്ങിന്റെ ചിത്രങ്ങൾ ഇറ്റാലിയൻ മാധ്യമങ്ങളിൽ അച്ചടിച്ചു വന്നതോടെ സംഭവം വൻ വിവാദമായി. ഇതേത്തുടർന്ന് ഇറ്റാലിയൻ സാസ്കാരിക മന്ത്രാലയവും റോം രൂപതയും അന്വേഷണത്തിന് ഉത്തരവിട്ടു. 2000ൽ പള്ളിയുടെ മുന്നിലെ ചാപ്പലുകളിൽ ഒന്ന് പുനരുദ്ധരിക്കുകയും അതിൽ ഇറ്റലിയുടെ അവസാനത്തെ രാജാവായ ഉമ്പർട്ടോ രണ്ടാമന്റെ പ്രതിമ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. രാജാവിനു മുന്നിൽ ഇറ്റലിയുടെ ഭൂപടവുമായി മുട്ടുകുത്തി നിൽക്കുന്ന മാലാഖയുടെ ചിത്രവും ഇതോടൊപ്പം കൂട്ടിച്ചേർത്തു. ഈ ചിത്രമാണ് അടുത്തിടെ നവീകരിച്ചത്. മുസോളിനിയുടെ നിയോ–ഫാഷിസ്റ്റ് പാർട്ടിയുടെ പിന്തുടർച്ചക്കാരാണ് മെലോനിയുടെ തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി. മാലാഖയുടെ മുഖം 2000ത്തിൽ എങ്ങനെ ആയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.
റോമിലെ പള്ളിയിൽ വരച്ച മാലാഖയുടെ ചിത്രത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുമായി സാദൃശ്യം; വിവാദം

