Site iconSite icon Janayugom Online

മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റിനെ മറക്കാനാവില്ല: ബിനോയ് വിശ്വം എംപി

binoybinoy

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സഹോദരപാർട്ടിയായ സിപിഎമ്മിന് മാത്രമല്ല കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുഴുവനും ദുഃഖത്തിലാഴ്ത്തുന്ന ഒന്നാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എംപി. എല്ലാ അർത്ഥത്തിലും നികത്താനാവാത്തതാണ് ആ വിയോഗം. കർമ്മോന്നതമായ വിപ്ലവചിന്തകളാൽ നിറഞ്ഞ ജീവിതമാണ് അദ്ദേഹം നയിച്ചത്. മുഖ്യമന്ത്രിയെ ഇത്രയും ദുഃഖിതനായും വികാരഭരിതനായും മുമ്പ് കണ്ടിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ വ്യക്തിത്വത്തിന്റെ ഏറ്റവും സ്നേഹം നിറഞ്ഞ അംശങ്ങളെ കുറിച്ച് ‚കരുത്തിനെ കുറിച്ച്, നഷ്ടത്തിന്റെ ആഴത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ മുറിഞ്ഞുപോയ സംസാരം പൂരിപ്പിക്കുന്നുണ്ട്. ഒരുപാട് സിദ്ധികൾ നിറഞ്ഞ വ്യക്തിയാണ് കോടിയേരി. ജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം സംഘർഷങ്ങൾ ഉണ്ടാവാറുണ്ട് അത് ആരെയും സ്തംഭിപ്പിക്കരുതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രത്യേക ശൈലി അദ്ദേഹത്തിനുണ്ട്. അത് കേരളം കണ്ടതാണ്.
അടിയന്തരാവസ്ഥകാലം കഴിഞ്ഞപ്പോൾ ഞാൻ കോടിയേരി ബാലകൃഷ്ണനെ, ബാലകൃഷ്ണൻ എന്ന് മാത്രമെ വിളിക്കാറുള്ളു. ബാലകൃഷ്ണൻ ജയിൽവാസം കഴിഞ്ഞ് പുറത്ത് വന്നപ്പോൾ ഇപ്പോഴുള്ള പോലെയല്ല അന്ന് ഞങ്ങൾ രണ്ട് വഴികളിലായിരുന്നു, വ്യത്യസ്ത വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന ഞങ്ങൾ പിന്നീട് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി മന്ദിരത്തിന്റെ മുറ്റത്തായിരുന്നു കണ്ട് മുട്ടിയത്. അന്ന് രാഷ്ട്രീയം പറഞ്ഞു തർക്കിച്ചു. അത് ശബ്ദമുള്ള തർക്കമായി. അന്ന് ഓർത്തത് ഞാനും ബാലകൃഷ്ണനും തെറ്റിയെന്നാണ്. നാളെ അവനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് കരുതി വിഷമിച്ചു. പക്ഷെ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ തോളിൽ ബാലകൃഷ്ണന്റെ കൈവീണു. നമ്മൾ പറഞ്ഞത് രാഷ്ട്രീയമാണ്. അതിൽ വ്യത്യസ്ത അഭിപ്രായം വന്നാലും ബന്ധവും സ്നേഹവും ഒട്ടും കുറയില്ല. ഇന്ന് വരെയും ആ ബന്ധത്തിന്റെ ഊഷ്മളതയും സ്നേഹവും ലവലേശം കുറയാതെയുണ്ടായിരുന്നു. വി എസ് സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾ കണ്ടിരുന്നു. കേരളത്തിലെ എൽഡിഎഫ് ഇന്ത്യക്ക് മുഴുവൻ ഒരു സന്ദേശമാണ്. കേരള എൽഡിഎഫ് നാളെയുടെ വഴികാട്ടിയാകേണ്ടതാണെന്ന് എല്ലാ ഇടതുപക്ഷപാർട്ടികളും ഒരുമിച്ച് വിശ്വസിക്കുന്നു.
കേരളത്തിലെ എൽഡിഎഫ് പ്രസ്ഥാനത്തിന് ബാലകൃഷ്ണൻ തന്ന സംഭാവന ഒരിക്കലും മറക്കില്ല. നാടിനും മനുഷ്യസ്നേഹിയായ ആ കമ്മ്യൂണിസ്റ്റുകാരനെ മറക്കാനാവില്ല. ചിതകത്തികഴിഞ്ഞുള്ള ഈ പുകച്ചിൽ ബാലകൃഷ്ണന്റെ മനസാണ്. അത് നമ്മളോട് പറയുന്നത് എനിക്ക് ഇവിടം വിട്ടുപോകാൻ ഇഷ്ടമില്ലെന്നാണ്. നമ്മൾക്കും ഇഷ്ടമല്ല, പ്രിയപ്പെട്ട സഖാവിന്റെ ഓർമ്മകൾക്ക് മുമ്പി ചെങ്കൊടി താഴ്ത്തിപ്പിടിച്ച് ഒരിക്കലും മറക്കില്ലെന്ന് പറയുന്നു. 

Exit mobile version