Site iconSite icon Janayugom Online

പികെ എന്ന ദാര്‍ശനിക കമ്മ്യൂണിസ്റ്റ്

കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ഗ്രന്ഥത്തിലൂടെ ചരിത്രകാരൻമാർക്കിടയിൽ ഒന്നാം നിരയിൽ സ്ഥാനം ലഭിച്ച ചരിത്രകാരനായ രാഷ്ട്രീയ നേതാവാണ് പി കെ ഗോപാലകൃഷ്ണൻ. മലബാറിലെ മണപ്പുറത്തിന്റെ മണ്ണിൽ ജനിച്ച് കമ്മ്യൂണിസത്തിന്റെ സമത്വാശയവഴിയിലൂടെ സഞ്ചരിച്ച ധിഷണാശാലിയായ കമ്മ്യൂണിസ്റ്റ്. ഇഎംഎസ്, കെ ദാമോദരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം സാധാരണ മനുഷ്യർക്ക് മാർക്സിസ്റ്റ് ചിന്ത ചാലിച്ചുനൽകിയ അധ്യാപകൻ. പ്രഭാഷകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പാർലമെന്റേറിയൻ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ പ്രതിഭാശാലി. പികെ എന്ന രണ്ടക്ഷരത്തിൽ ജനഹൃദയങ്ങളിൽ ജീവിക്കുന്ന സഖാവിന്റെ ജന്മശതാബ്ദി വർഷമാണ് 2024.
കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും വടക്ക് പാപ്പിനിവട്ടം വില്ലേജിലെ ശ്രീനാരായണപുരമാണ് ജന്മസ്ഥലം. എട്ടു മക്കളെ പ്രസവിച്ച അടിപ്പറമ്പിൽ ഉണ്ണൂലിയുടെ മൂന്നാമത്തെ ആൺകുഞ്ഞാണ് ഗോപാലകൃഷ്ണൻ. ജാതകപ്രകാരം ജനന തീയതി കുറിച്ചിട്ടുള്ളത്, 1923 നവംബർ 29 ആണ്. എന്നാൽ സ്കൂൾ സർട്ടിഫിക്കറ്റിലും ഔദ്യോഗിക രേഖകളിലും 1924 മാർച്ച് 21നാണ് ജനനം. ജന്മിയായ പുവ്വത്തുംകടവിൽ കുഞ്ഞിറ്റിയാണ് പിതാവ്. ഉണ്ണീലിക്കുട്ടിയും ജന്മി കുടുംബാംഗമായിരുന്നു. ഇവരുടെ തറവാട്ടിൽ ശ്രീനാരായണ ഗുരു സന്ദർശനം നടത്തിയിട്ടുണ്ട്. ആലുവയിലെ അദ്വൈതാശ്രമത്തോട് ചേർന്നുകിടന്നിരുന്ന സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്ത്, ഗുരുവിന് സമർപ്പിച്ച ശ്രീനാരായണ ഭക്തനായിരുന്നു ഉണ്ണീലിക്കുട്ടിയുടെ പിതാവ് പാറുക്കുട്ടി. 

ഇത്രയേറെ ജീവിതസാധ്യതകൾ ഉണ്ടായിട്ടും യാഥാസ്ഥിതികത്വം, കുലമഹിമ, സമ്പന്നത തുടങ്ങിയ പെരുമയും സൗകര്യങ്ങളും തിരസ്കരിച്ച് പുതുവഴി കണ്ടെത്താനുള്ള വ്യഗ്രത കൗമാരകാലം മുതൽ ഗോപാലകൃഷ്ണന്‍ കാണിച്ചിരുന്നു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലെ പഠനകാലത്തുതന്നെ വിദ്യാർത്ഥിരാഷ്ട്രീയത്തോട് മമത പ്രകടിപ്പിച്ചു. ജാതിവിവേചനവും അയിത്തവും കൊടികുത്തിവാണിരുന്ന കാലമായിരുന്നു അത്. ഒരു വിഭാഗം അധ്യാപകർ ജാതിചിന്തയ്ക്ക് അടിമപ്പെട്ടവരുമായിരുന്നു. അവർണ വിദ്യാർത്ഥികൾക്ക് സ്കൂൾവളപ്പിലെ കിണർ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ചില അധ്യാപകരിൽ നിന്നുണ്ടായി. ഇതിനെ പ്രതിരോധിക്കാൻ ഒരു സംഘം വിദ്യാർത്ഥികൾ മുന്നോട്ട് വന്നു. പി കെ ഗോപാലകൃഷ്ണൻ, പി ഭാസ്കരൻ, കെ എ രാജൻ, പി കെ അബ്ദുൾ ഖാദർ തുടങ്ങി നിരവധി പേർ ആ സംഘത്തിലുണ്ടായിരുന്നു. 

ഉല്പതിഷ്ണുക്കളായ ഇവരുടെ പ്രതിഷേധപ്രകടനം മറ്റു വിദ്യാർത്ഥികളിലും സ്വാധീനമുണ്ടാക്കി. സൗമ്യതയുടെ മുഖമുള്ള ഗോപാലകൃഷ്ണൻ പ്രതിഷേധത്തിന്റെ ജ്വലന സൂര്യനായി മാറി. ദേശീയപ്രസ്ഥാനത്തിന്റെ സമരജ്വാലകളായി ഉയർന്ന ഈ വിദ്യാർത്ഥി സംഘം വിദ്യാലയത്തിനകത്തും പുറത്തും ചലനങ്ങൾ സൃഷ്ടിച്ചു. ഇടതുപക്ഷ ചിന്താഗതി പരസ്യമായി പ്രകടിപ്പിച്ചിരുന്ന വി ടി ഇന്ദുചൂഡൻ, കെ എ രാജൻ എന്നിവരോടൊപ്പം ഗോപാലകൃഷ്ണനും പി ഭാസ്കരനും ചേർന്നു. സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായിരുന്ന ഇ ഗോപാലകൃഷ്ണ മേനോന്റെ മാർഗനിർദേശങ്ങൾ ഇവരുടെ പ്രവർത്തനങ്ങൾക്ക് കരുത്തായി.
പഠനത്തോടൊപ്പം രാഷ്ട്രീയവും സാഹിത്യാഭിരുചിയും പി കെ ഗോപാലകൃഷ്ണനിൽ സന്നിവേശിച്ചിരുന്നു. ഈ മൂന്നുകാര്യങ്ങളും സമ്മേളിച്ച മറ്റൊരാള്‍ സഹപാഠിയും സുഹൃത്തുമായ പി ഭാസ്കരനായിരുന്നു. അദ്ദേഹം പിന്നീട് മലയാളികളുടെ ഇഷ്ടകവിയും ഗാനരചയിതാവുമായി വെള്ളിത്തിരയിലും പുറത്തും തിളങ്ങി. ഇരുവരും ചേർന്ന് ‘സാഹിത്യ കുസുമം’ എന്ന കയ്യെഴുത്ത് മാസികയ്ക്ക് രൂപം കൊടുത്തു. ഈ മാസികയിലാണ് പി ഭാസ്കരന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. 

സ്വർണ മെഡലോടെ പികെ, ബിഎ ബിരുദം നേടി. ആ വർഷം തൃശൂരിലാണ് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ കൊച്ചി സംസ്ഥാന സമ്മേളനം ചേർന്നത്. അന്തിക്കാട് സ്വദേശി എൻ ഡി വാസുദേവനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സർപ്പദംശനമേറ്റ് ആ സഖാവ് മരിച്ചതോടെ സെക്രട്ടറിയുടെ ചുമതല പി കെ ഗോപാലകൃഷ്ണന് ഏറ്റെടുക്കേണ്ടി വന്നു. പക്ഷേ വീട്ടുകാരുടെ സമ്മർദംമൂലം മദ്രാസ് സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. അവിടെ ഒട്ടനവധി കമ്മ്യൂണിസ്റ്റ് നേതാക്കളെ പരിചയപ്പെടാൻ സാധിച്ചു. എകെജിയുമായുള്ള അടുപ്പം ഇക്കാലത്താണ് ആരംഭിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന പാർട്ടി നേതാക്കളെ ബന്ധപ്പെടുന്നതുൾപ്പെടെ ചുമതലകൾ നിർവഹിച്ചു. 

നിയമ ബിരുദം നേടിയശേഷം കോഴിക്കോട് ജില്ലാ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചെങ്കിലും ഒരു വർഷം മാത്രമേ തുടരാൻ കഴിഞ്ഞുള്ളു. ഇഎംഎസ്, കെ ദാമോദരൻ തുടങ്ങിയവരുമായുള്ള സമ്പർക്കം മൂലം പാർട്ടി ഏല്പിച്ച ചുമതലകൾ നിർവഹിക്കാൻ നിർബന്ധിതനായി. നാട്ടിക ഫർക്കയിലെ പാർട്ടി പ്രവർത്തനത്തെ സഹായിക്കാനാണ് നേതൃത്വം നിർദേശിച്ചത്. ഇതിനിടയിൽ സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗം ലഭിച്ചു. മുഴുവൻ സമയ പ്രവർത്തകനാകണമെന്ന പാർട്ടി ഉപദേശം സ്വീകരിച്ച് ജോലി രാജിവച്ചു. യുദ്ധക്കെടുതിയിൽ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിനുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നാട്ടികയിൽ ആദ്യം ഏറ്റെടുത്തത്. തെക്കൻ മലബാറിലെ പാർട്ടിയുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന്റെ പ്രത്യേക ചുമതലയും പി കെ ഗോപാലകൃഷ്ണനായിരുന്നു.
1950 ജനുവരി 26ന് ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിൽ ഒരു പൗരാവകാശ ജാഥ സംഘടിപ്പിക്കുവാൻ നാട്ടിക ഫർക്ക കമ്മിറ്റി തീരുമാനിച്ചു. കുറ്റിലക്കടവിൽ നിന്നും ആരംഭിച്ച് ശ്രീനാരായണപുരത്തേക്കു പോകുന്ന ജാഥയെ മതിലകത്തുവച്ച് പൊലീസ് ആക്രമിച്ചു. ജാഥാക്യാപ്റ്റൻ സർദാർ ഗോപാലകൃഷ്ണൻ പൊലീസിന്റെ ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ടു. നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ച സംഭവമായി അതുമാറി. പൊലീസിനെ ആക്രമിച്ചതിനും ഗൂഢാലോചന നടത്തിയതിനും പാർട്ടി പ്രവർത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ജാഥ ഉദ്ഘാടനം ചെയ്ത പികെയായിരുന്നു ഒന്നാം പ്രതി. പാർട്ടി നിർദേശമനുസരിച്ച് പൊലീസിനു പിടികൊടുക്കാതെ ഒളിവിൽപ്പോയി. പിന്നീട് കൊടുങ്ങല്ലൂർ കോവിലകത്തു നിന്നാണ് സഖാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരവർഷം വിയ്യൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു. 

1952ൽ മദിരാശി നിയമസഭയിലേക്ക് നാട്ടിക നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത് പികെയുടെ അമ്മാവൻ അടിപ്പറമ്പിൽ രാമൻ എന്ന എ പി രാമനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി പികെയും. തീ പാറുന്ന പോരാട്ടത്തിൽ പികെ വിജയിച്ചു. പിന്നീട് 1967ൽ കൊടുങ്ങല്ലൂരിൽ നിന്നും 77ലും 80ലും നാട്ടികയിൽ നിന്നും നിയമസഭാ സാമാജികനായി. 1977–80 കാലയളവിൽ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചു. പക്വതയും പാകതയുമുള്ള സാമാജികൻ എന്ന ഖ്യാതിയും നേടിയെടുത്തു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പികെ അംഗമാകുന്നത് 1942ലാണ്. ദീർഘകാലം സംസ്ഥാന കൗൺസിൽ അംഗമായി പ്രവർത്തിച്ചു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും എഴുത്തിന്റെ മേഖലയെ കൈവെടിഞ്ഞില്ല. പാർട്ടി ജിഹ്വകളിലും മറ്റ് ആനുകാലികങ്ങളിലും നിരന്തരം ലേഖനങ്ങൾ എഴുതി. കലയും സംസ്കാരവും ഒരു പഠനം, ഒ ചന്തു മേനോൻ, സംസ്കാരധാര, പുരോഗമന സാഹിത്യ പ്രസ്ഥാനം നിഴലും വെളിച്ചവും, ജൈനമതം കേരളത്തിൽ, ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ പ്രവാചകൻ, വിശ്വദീപം (ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും) കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്നിവയാണ് പികെ രചിച്ച പ്രധാന കൃതികൾ. 2009 സെപ്റ്റംബർ 14ന് ആ മഹദ്ജീവിതം അവസാനിച്ചു. 

Exit mobile version