ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആവേശകരമായ 11-ാം ഗെയിമില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷ്. 29 നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്ററുടെ വിജയം. ജയത്തോടെ ഗുകേഷിന് ആറ് പോയിന്റായി. ഡിങ് ലിറന് അഞ്ച് പോയിന്റാണുള്ളത്.
ആകെ 14 ഗെയിമുകളുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽനിന്ന് 1.5 പോയിന്റ് കൂടി നേടിയാൽ ഗുകേഷിന് ചാമ്പ്യനാകാം. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്.
ക്ലാസിക്ക് പോരാട്ടത്തില്‍ ഇനി ശേഷിക്കുന്നത് മത്സരങ്ങളാണ്. പോയിന്റ് തുല്യതയില്‍ വന്നാല്‍ നാല് ഗെയിമുകള്‍ ഉള്ള റാപ്പിഡ് റൗണ്ട് അരങ്ങേറും. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് 18കാരനായ ഗുകേഷ്.