Site iconSite icon Janayugom Online

പരീക്ഷക്ക് ഉയർന്ന വിജയം വാഗ്ദാനം; ആഭിചാരക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റിൽ

ആഭിചാരക്രിയയുടെ മറവിൽ 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ സ്വാമി അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശിയായ ഷിനുവാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയർന്ന വിജയം വാഗ്ദാനം ചെയ്താണ് ഇയാൾ കുട്ടിയെ ആഭിചാരക്രിയക്ക് വിധേയയാക്കിയത്. ഉയർന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയിൽ കൊണ്ടുപോയി സ്വകാര്യ ഭാഗത്ത് സ്പർശിച്ചു എന്നാണ് പരാതി. കുട്ടിയുടെ ദേഹത്ത് ഏകദേശം ഏഴോളം ചരടുകളും ഇയാൾ കെട്ടിയിട്ടുണ്ട്. കുട്ടി അമ്മയോട് വിവരം പറയുകയും തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് ചൈൽഡ് ലൈനിനെയും വിവരം അറിയിച്ചു. ചൈൽഡ് ലൈൻ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞാണ് ഷിനുവിന്റെ അടുത്തേക്ക് എത്തിയതെന്നും പൂജയ്ക്ക് കുറഞ്ഞ പൈസയേ ആകുള്ളുവെന്ന് പറഞ്ഞെന്നും അമ്മ പറഞ്ഞു. 

‘വന്ന സമയത്ത് കുട്ടി പഠിക്കാൻ മോശമാണ്, ഒറ്റയ്ക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കണമെന്ന് ഇയാൾ പറഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞാലേ പൂജ ചെയ്യാൻ പറ്റുള്ളുവെന്നും പറഞ്ഞു. എനിക്ക് വിശ്വാസമായത് കൊണ്ടും നല്ലൊരു മനുഷ്യനാണെന്നും കരുതിയുമാണ് കുട്ടിയെ ഒറ്റയ്ക്ക് മുറിയിൽ വിട്ടത്. ഞാൻ പുറത്ത് നിൽക്കുകയായിരുന്നു. ഏകദേശം മുക്കാൽ മണിക്കൂറോളം മകൾ മുറിയിലായിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ മകളുടെ മുഖത്ത് ഒരു ഭയമുണ്ടായിരുന്നു.’ കാര്യങ്ങൾ ചോദിച്ചപ്പോൾ സ്വാമി മോശമായി സ്പർശിച്ചതായി തോന്നിയെന്ന് മകൾ പറഞ്ഞു. സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും മകൾ പറഞ്ഞു. ഷിനുവിന്റെ ഓഫീസായി പ്രവർത്തിക്കുന്ന മുറിയിൽനിന്ന് പൂജാ സാധനങ്ങളും വടിവാളും ചൂരലുകളും ചരടുകളും മറ്റും പൊലീസ് കണ്ടെത്തി. ശംഖ് ജ്യോതിഷം എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരിൽ ഇയാൾ ചൂരൽപ്രയോഗവും നടത്താറുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ഇവിടേക്ക് ആളുകൾ എത്താറുണ്ടെന്ന് ജീവനക്കാരി പറഞ്ഞു. നേരത്തെ ടൈൽസ് പണിയെടുത്തായിരുന്ന ഷിനു ജീവിച്ചിരുന്നത്. കുറച്ച് കാലം മുമ്പാണ് സ്വാമിയുടെ വേഷം കെട്ടി പ്രവർത്തിച്ച് തുടങ്ങിയത്. പൂജയ്ക്ക് ₹10,000 മുതൽ ₹1 ലക്ഷം വരെയാണ് ഇയാൾ ഈടാക്കുന്ന ഫീസ്. ആളുകളെ കൊണ്ടുവന്നാൽ കമ്മീഷൻ നൽകാറുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

Exit mobile version