Site icon Janayugom Online

പെരിന്തല്‍മണ്ണയില്‍ ദൃശ്യ വിസ്മയമൊരുക്കി അപൂര്‍വ്വ മഴവില്‍ കാഴ്ച

ആകാശത്തെ ദൃശ്യ വിസ്മയമൊരുക്കി അപൂര്‍വ്വ മഴവില്‍ കാഴ്ച വൈറലായി. തൊപ്പിത്തട്ട മേഘമാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയം സൃഷ്ടിച്ചത്.
ഇന്നലെ വൈകിട്ട് പെയ്ത മഴക്ക് ശേഷമാണ് കിഴക്ക് ആകാശത്ത് മഴമേഘങ്ങള്‍ക്കിടയില്‍ പ്രത്യേക രീതിയില്‍ മഴവില്‍ വിരിഞ്ഞത്. മഴത്തുള്ളികള്‍ക്കിടയിലൂടെ പതിച്ച സൂര്യ പ്രകാശത്തിലാണ് കിഴക്ക് ആകാശത്തെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വലിയൊരു വളയമായി മഴവില്‍ വിരിഞ്ഞത് കാഴ്ച കണ്ടവരൊക്കെ അത്ഭുതപ്പെടുത്തിയത്. 

വൈകുന്നേരം ആറുമണിയോടെയാണ് ഈ ദൃശ്യം അരമണിക്കൂറോളം ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പട്ടിക്കാട്ടും മുള്ള്യാര്‍കുറിശിയിലുമാണ് ആകാശത്ത് തൊപ്പിത്തട്ട മേഘങ്ങള്‍ ദൃശ്യമായത്. Pileus Cloud എന്ന തൊപ്പി മേഘങ്ങളാണ് ഇവയെന്നും, ശിരോവസ്ത്ര (Scarf) മേഘങ്ങള്‍ എന്ന നാമവും ഇവയ്ക്കുണ്ടെന്നും യുഎന്നിന് കീഴിലുള്ള ലോക മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷൻ (WMO) ന്റെ അന്താരാഷ്ട്ര ക്ലൗഡ് അറ്റ്ലസ് പ്രതിപാദിക്കുന്നു. ചൂടുള്ള വായു കുത്തനെ മുകളിലേക്ക് പ്രവഹിക്കുന്ന അപ്ഡ്രാഫ്റ്റ് എന്ന പ്രതിഭാസം മൂലമാണ് ഇത്തരം മേഘങ്ങള്‍ രൂപപ്പെടുന്നത്. മുകളിലുള്ള തണുത്ത വായുവുമായി ഇത് സംഗമിക്കുകയും അവിടെ മേഘങ്ങള്‍ വളരുകയും ചെയ്യും. ഇതിന് ചുറ്റുമുള്ള ഈര്‍പ്പത്തെ ഘനീഭവിപ്പിക്കുകയും ചെയ്യും.

കേരളത്തിലും ഇന്ത്യയിലും ഇത്തരം മേഘങ്ങള്‍ അപൂര്‍വമായാണ് കാണപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 25 ന് ചൈനയില്‍ ഇത്തരത്തില്‍ ഒരു മേഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്യുമിലസ്, ക്യുമിലോനിംബസ് മേലങ്ങളാണ് ഇവയ്ക്ക് ചുറ്റും രൂപപ്പെടുന്നത്. ഈ മേഘങ്ങളിലെ ഈര്‍പ്പം, സൂര്യപ്രകാശം തുടങ്ങിയവ അടിസ്ഥാനമാക്കി പലപ്പോഴും മഴവില്‍ വര്‍ണ്ണം വിടരാറുണ്ട്. അല്ലെങ്കില്‍ വയലറ്റ് നിറത്തിലോ നീല നിറത്തിലോ ഇതിൻറെ മുകള്‍ഭാഗം അലങ്കരിക്കപ്പെടാറുണ്ടെന്നും വിദഗ്ധർ പറയുന്നു.

Eng­lish Summary:A rare rain­bow sight in Perinthalmanna

You may also like this video

Exit mobile version