കുംഭമേളയ‍്ക്കിടെ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന പരാമര്‍ശം നടത്തിയ സമാജ‍്‍വാദി പാര്‍ട്ടി എംപി അഫ‍്സല്‍ അന്‍സാരിക്കെതിരെ കേസെടുത്തു. പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹം ഖേദംപ്രകടിപ്പിച്ചിരുന്നു. കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പമാണ് വിവാദ പ്രസ‍്താവന നടത്തിയത്. മത ചടങ്ങുകളിലും ഉത്സവങ്ങളിലും കഞ്ചാവ് പ്രസാദമായി നല്‍കുന്നുണ്ടെന്നും ഒരു ചരക്ക് തീവണ്ടിയില്‍ കൊള്ളന്ന കഞ്ചാവ് കുംഭമേളയ‍്ക്ക് തികയില്ലെന്നും ആരോപിച്ചു. ഇതിനെതിരെ നിരവധി ഹിന്ദു സന്യാസിമാര്‍ രംഗത്തെത്തി. എംപിക്കെതിരെ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കഞ്ചാവ് കടത്തിനെ കുറിച്ചും അത് തന്റെ പ്രദേശത്ത് സൃഷ‍്ടിക്കുന്ന പ്രശ‍്നങ്ങളെ കുറിച്ചും പൊതുജനശ്രദ്ധ കിട്ടുന്നതിനാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ആരെയെങ്കിലും അത് വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നെന്നും എംപി വ്യക്തമാക്കി. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി ഗാസിപൂര്‍ പൊലീസ് അറിയിച്ചു.