Site iconSite icon Janayugom Online

വിവാഹത്തിലേക്ക് നയിക്കാത്ത ബന്ധം കുറ്റകൃത്യമല്ല; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി തള്ളി കോടതി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്‍കിയ പീഡനപരാതി തള്ളി ഒഡീഷ ഹൈക്കോടതി. ഒരു ബന്ധം വേര്‍പെടുത്തുന്നത് വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാകാമെന്നും അത് ക്രിമിനല്‍ വഞ്ചനയായി കണക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഓരോ വാഗ്ദാന ലംഘനത്തിനും നിയമപരമായ പരിരക്ഷ നല്‍കുന്നില്ലെന്നും പരാജയപ്പെട്ട ബന്ധങ്ങളെ നിയമം കുറ്റകരമാക്കുന്നില്ലെന്നും വിധിന്യായത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വര്‍ഷത്തോളം പരാതിക്കാരിയും യുവാവും പ്രണയത്തിലായിരുന്നു. സാംബല്‍പൂര്‍ ജില്ലയില്‍ കമ്പ്യൂട്ടര്‍ കോഴ്സില്‍ പഠിക്കുമ്പോഴാണ് ബന്ധം ആരംഭിച്ചത്.  2021 ല്‍, സബ് ഇന്‍സ്പെക്ടര്‍ ആയ യുവാവ് തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിച്ചു. സമലേശ്വരി ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്‌ട്രേഷന് അപേക്ഷിച്ചിരുന്നുവെങ്കിലും നിര്‍ണായകമായ ഒരു കോടതി തീയതിയില്‍ അദ്ദേഹം ഹാജരായില്ലെന്നും യുവതി അവകാശപ്പെട്ടു. പ്രണയത്തിലായിരുന്ന കാലയളവില്‍ ഇരുവരും പ്രായപൂര്‍ത്തിയായവരും, സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തരായവരും, സ്വന്തം ഭാവിയെ രൂപപ്പെടുത്തിയെടുക്കാന്‍ കെല്‍പ്പുള്ളവരുമായിരുന്നു. ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളായിരിക്കാം. എന്നാല്‍ പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് പാനിഗ്രഹി പറഞ്ഞു.

Exit mobile version