Site iconSite icon Janayugom Online

ഭോപ്പാലിലെ ആവർത്തനമോ? നാലുവരിപ്പാലം പകുതിയിൽ വെച്ച് രണ്ടുവരിയായി; വീഡിയോ വൈറൽ

മുംബൈയ്ക്ക് സമീപമുള്ള മിറ‑ഭയന്ദറിൽ നിർമ്മാണം പൂർത്തിയായ പുതിയ ഫ്ലൈഓവർ പകുതിവഴിയിൽ വെച്ച് നാലുവരിപ്പാതയിൽ നിന്ന് ഇരുവരിലേക്ക് ചുരുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആസൂത്രണത്തിലെ പിഴവാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഭോപ്പാലിലെ അശാസ്ത്രീയമായി നിർമ്മിച്ച റെയിൽ ഓവർ ബ്രിഡ്ജിനോടാണ് പലരും ഇതിനെ ഉപമിക്കുന്നത്.

എന്നാൽ, സ്ഥലപരിമിതി മൂലമാണ് ഇത്തരത്തിൽ നിർമ്മിച്ചതെന്നും ഇതൊരു രൂപകല്പനാ പിഴവല്ലെന്നുമാണ് നിർമ്മാതാക്കളായ എംഎംആർഡിഎ നൽകുന്ന വിശദീകരണം. ഭാവിയിൽ ഭയന്ദർ വെസ്റ്റിലേക്കുള്ള പാതയുമായി ബന്ധിപ്പിക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ ഈ വിശദീകരണത്തെ പരിഹസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെയും കോൺഗ്രസും രംഗത്തെത്തി. ഇത്രയും അശാസ്ത്രീയമായ നിർമ്മാണത്തെ ന്യായീകരിക്കുന്നത് വിഡ്ഢിത്തമാണെന്നും ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുമെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി.

Exit mobile version