ലോകസമാധാനത്തെക്കുറിച്ചും ഭൂമിയുടെ നിലനിൽപ്പിനെക്കുറിച്ചുമാണ് ഫിദൽ കാസ്ട്രോ തന്റെ അവസാന പ്രസംഗവും നടത്തിയത്. 2016 ഏപ്രിൽ മാസത്തിൽ ക്യൂബയിലെ ഹവാനയിൽ ചേർന്ന ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴാം കോൺഗ്രസിലാണ് അദ്ദേഹം അവസാനമായി പ്രസംഗിച്ചത്. “ഇന്ന്, ഒരുപക്ഷേ, ഭൂമിയിലുള്ള ഏറ്റവും വലിയ ഭീഷണി ലോകത്തിന്റെ സമാധാനം തകർക്കാനും മനുഷ്യജീവിതം അസാധ്യമാക്കാനും കെല്പുള്ള വിനാശകരമായ ആയുധങ്ങളുടെ ശേഖരമാണ്. ദിനോസറുകൾ അപ്രത്യക്ഷമായതുപോലെ ആ ആയുധങ്ങളുടെ പ്രഹരശേഷിയിൽ ജീവിവർഗങ്ങൾ ഇല്ലാതാകും. നമ്മൾ കുറച്ചുകൂടി സൂക്ഷ്മബുദ്ധിയോടെ ജീവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കണം. അല്ലെങ്കിൽ വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നതുപോലെ സൂര്യതാപം വളർന്നുവളർന്നു സൗരയൂഥത്തെയും ഗ്രഹങ്ങളെയും അതിന്റെ എല്ലാ ഉപഗ്രഹങ്ങളെയും ഉരുക്കിക്കളയും”. കാസ്ട്രോയുടെ രാഷ്ട്രീയ അവബോധത്തിന്റെ ആഴം ഒരു കമ്മ്യുണിസ്റ്റ് നേതാവിന്റെ ദീർഘവീക്ഷണത്തെ അടയാളപ്പെടുത്തുന്നതാണ്. ഇന്ന് ലോകം ചര്‍ച്ചചെയ്യുന്നത് കാസ്ട്രോയുടെ ഈ മുന്നറിയിപ്പുതന്നെയാണ്. കേവലം വിപ്ലവകാരി മാത്രമല്ല, ആധുനിക ലോകത്തെ അത്ഭുതപ്പെടുത്തിയ ഐതിഹാസിക വ്യക്തിത്വം കൂടിയായിരുന്നു ഫിദൽ കാസ്ട്രോ. അമേരിക്കയുടെ മൂക്കിനുതാഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ തീരത്തു നിന്നും വെറും 90 മൈലുകൾ മാത്രമാണ് കൊച്ചു ക്യൂബയിലേക്കുള്ള ദൂരം. ഏകാധിപതിയായിരുന്ന ജെൻസിയാ ബാറ്റിസ്റ്റയെ ക്യൂബയുടെ ഭരണം ഏല്പിച്ചത് അമേരിക്കയായിരുന്നു. 1959ൽ ബാറ്റിസ്റ്റോ ഭരണകൂടത്തെ ഗറില്ലായുദ്ധമുറയിലൂടെ തൂത്തെറിഞ്ഞപ്പോൾ മുറിവേറ്റത് അമേരിക്കൻ ഭരണകൂടത്തിനായിരുന്നു. അന്നുമുതൽ കാസ്ട്രോയും ക്യൂബയും അമേരിക്കൻ ഭരണകൂടത്തിന് ശത്രുക്കളായി.
638 തവണ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച മഹാശക്തിയെ ജീവിതാവസാനം വരെ കാസ്ട്രോ ചെറുത്തുനിൽക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. അഞ്ച് പതിറ്റാണ്ടിനിടെ 11അമേരിക്കൻ ഭരണകൂടങ്ങൾ കാലത്തിന് വഴിമാറി. അവരെല്ലാം കാസ്ട്രോയെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം തന്നെ ഒരുപാട് മാറി. കിഴക്കും പടിഞ്ഞാറും ജർമ്മനികൾ ഒന്നായി. ഗൊർബച്ചേവിന്റെ പെരിസ്ട്രോയിക്കയിൽ സോവിയറ്റ് യൂണിയൻ ഉടഞ്ഞുപോയി. അപ്പോഴും ഫിദൽ, താൻ രൂപപ്പെടുത്തിയ ആശയങ്ങളിലും വിപ്ലവ പക്ഷത്തും നിലയുറപ്പിച്ചു. ക്യൂബയുടെ സ്വത്വം നിലനിർത്തി. വിശ്വസിച്ച ആശയങ്ങളെ ജീവിതത്തിൽ വരച്ചുകാട്ടി. കൃഷിയിലും, വ്യവസായത്തിലും, വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും ക്യൂബ കുതിച്ചുകയറ്റം നടത്തി. അമേരിക്കൻ സാമാജ്യത്വത്തെ പ്രതിരോധിച്ചു. ലോക ഭൂപടത്തിൽ ഒരു പൊട്ടുപോലെ മാത്രം അടയാളത്തിൽ കാണാവുന്ന കൊച്ചു ക്യൂബയാണ് ലോകത്തിന്റെ മുൻനിര ശക്തികൾക്കെതിരെ വെല്ലുവിളി ഉയർത്തി അതിജീവിച്ചതെന്ന് ഓർക്കണം. സ്പാനിഷ് കുടിയേറ്റക്കാരനായ എയ്ഞ്ചൽ കാസ്ട്രോയുടെയും ക്യൂബക്കാരിയായ ലിനറൂസ് ഗോൺസാലസിന്റെയും പുത്രനായി 1926 ഓഗസ്റ്റ് 13ന് ക്യൂബയിലെ ബരാനിലാണ് ഫിദലിന്റെ ജനനം. ചെറുപ്പത്തിൽ മികച്ച ബേസ്ബോൾ കളിക്കാരനായിരുന്നു. നിയമ പഠനത്തിൽ ഡോക്ടറേറ്റും നേടിയിരുന്നു. 1955ലാണ് ചെഗുവേരയെ കണ്ടുമുട്ടുന്നത്. ഇരു വിപ്ലവകാരികളും മാറ്റിമറിച്ചത് ക്യൂബയുടെയും ലാറ്റിനമേരിക്കയുടെയും ചരിത്രത്തെയാണ്. അർജന്റീനയിൽ നിന്നെത്തിയ ഏണസ്റ്റോ ചെഗുവേരയുടെ ഒപ്പം ചേർന്നാണ് ഫിദൽ ക്യൂബൻ വിപ്ലവം നയിച്ചത്. മെക്സിക്കോയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ബാറ്റിസ്റ്റാ ഭരണകൂടത്തെ ഗറില്ലായുദ്ധമുറയിൽ തൂത്തെറിഞ്ഞതിൽ ഫിദലിനൊപ്പം തോളോടുതോൾ ചേർന്ന് ചെഗുവേരയും പങ്കാളിയായിരുന്നു. അന്ന് കാസ്ട്രോയുടെ പ്രായം 33 വയസ് മാത്രമായിരുന്നു. മണിക്കൂറുകൾ ജനത്തെ മുൾമുനയിൽ നിർത്തി അവരുടെ ഹൃദയത്തെ തന്നെ ഇളക്കി മറിക്കുന്ന അനിതരസാധാരണമായ പ്രഭാഷണം നടത്തുന്ന പ്രസംഗ കലയുടെ ഉടമ കൂടിയായിരുന്നു കാസ്ട്രോ.
1959 മുതൽ 1976 വരെ ക്യൂബയുടെ പ്രധാനമന്ത്രിയും 2008 വരെ പ്രസിഡന്റുമായിരുന്നു. 1961ലാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. യുദ്ധാനന്തര ചേരിയിലല്ല കാസ്ട്രോ നിലയുറപ്പിച്ചത്. നെഹ്രുവിയൻ ആശയത്തിൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനത്തിനൊപ്പമായിരുന്നു. വധിക്കാൻ കഴിയാതെ വന്നപ്പോൾ ക്യൂബൻ ജനതയുടെ വിപ്ലവമനസിനെ നിർവീര്യമാക്കാൻ അമേരിക്കൻ സാമ്രാജ്യത്വവും പടിഞ്ഞാറൻ മാധ്യമങ്ങളും കാസ്ട്രോയ്ക്ക് കാൻസർ ആണെന്ന് പ്രചരിപ്പിച്ചു. 1998ൽ മസ്തിഷ്കാഘാതം വന്നുവെന്ന് കഥമെനഞ്ഞു. ബുദ്ധിനശിച്ചെന്ന് കഥയിറക്കി. 2011ൽ ഹവാനയിൽ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് കാസ്ട്രോ മണിക്കൂറുകൾ പ്രഭാഷണം നടത്തി കുപ്രചരണങ്ങളെ ക്യൂബൻ ജനതയെയും ലോകത്തെയും ബോധ്യപ്പെടുത്തി. ലോകചരിത്രത്തെ ആവേശഭരിതമാക്കുന്നതാണ് ഫിദൽ കാസ്ട്രോയുടെ ചരിത്രം. വലതുപക്ഷ ശക്തികൾ യൂറോപ്പിലും മറ്റു പ്രദേശങ്ങളിലും, പിടിമുറുക്കുകയും ചേരിചേരാ പ്രസ്ഥാനം തന്നെ ഇല്ലാതാകുകയും, ലോക തൊഴിലാളി വർഗം ആഗോളീകരണക്കെടുതികൾ നേരിടുകയും, പുത്തൻ ലോകക്രമം രൂപപ്പെടുകയും ചെയ്യുന്ന കാലത്താണ് ഫിദൽ യാത്രയായത്, 2016 നവംബർ 25 ന്. ഫിദലിന്റെ ആശയങ്ങളെ ഏറ്റെടുക്കാൻ ലോകത്തിലെ വിപ്ലവ പ്രസ്ഥാനങ്ങൾക്കും വിപ്ലവകാരികൾക്കും കഴിയണം. സാമ്രാജ്യത്വത്തെ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധിച്ച് ലോകത്തെ വിപ്ലവകാരികൾക്ക് ആവേശം പകരുകയും, മാനവകുലത്തിനാകെ ദിശാബോധം പകർന്നു നല്‍കുകയും ചെയ്ത മഹാനായ മനുഷ്യസ്നേഹിയായിരുന്നു ഫിദൽ കാസ്ട്രോ. ലോകസമാധാനവും ഭൂമിയും കടുത്ത വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് ഫിദലിന്റെ ഓർമ്മകൾ നമ്മുടെ പോരാട്ടത്തെ ശക്തിപ്പെടുത്തും.