Site iconSite icon Janayugom Online

സഹപ്രവര്‍ത്തകയുമായി പ്രണയബന്ധം; നെസ്‌ലെ സിഇഒയെ പുറത്താക്കി

സഹപ്രവർത്തകയുമായി പ്രണയബന്ധം പുലർത്തിയതിനെ തുടർന്ന് ഭക്ഷ്യ, പാനീയ കമ്പനിയായ നെസ്‌ലെ തങ്ങളുടെ സിഇഒ ലോറന്റ് ഫ്രീക്‌സിനെ പുറത്താക്കി. കമ്പനിയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നെസ്‌ലെയുടെ ബോർഡ് ചെയർമാൻ പോൾ ബൾക്കയുടെയും ലീഡ് ഡയറക്ടർ പാബ്ലോ ഇസ്‍ലയുടെയും മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പുറത്താക്കൽ അനിവാര്യമായിരുന്നെന്നും, നെസ്‌ലെയുടെ മൂല്യങ്ങളും ഭരണരീതികളും കമ്പനിയുടെ ശക്തമായ അടിത്തറയാണെന്നും പോൾ ബൾക്ക പ്രസ്താവനയിൽ അറിയിച്ചു. 

1986ൽ നെസ്‌ലെയിൽ ജോലിയിൽ പ്രവേശിച്ച ഫ്രീക്‌സിന് 2024 സെപ്റ്റംബറിലാണ് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പുറത്താക്കപ്പെട്ട ഫ്രീക്‌സിന് പകരം നെസ്‌പ്രെസ്സോ മേധാവി ഫിലിപ്പ് നവ്രാറ്റിലിനെ പുതിയ സിഇഒ ആയി നെസ്‌ലെ നിയമിച്ചു. 2001ൽ നെസ്‌ലെയിൽ കരിയർ ആരംഭിച്ച നവ്രാറ്റിൽ മധ്യ അമേരിക്കയുടെയും പിന്നീട് മെക്സിക്കോയിലെ കോഫി, പാനീയ ബിസിനസിന്റെയും ചുമതലകൾ വഹിച്ചിരുന്നു.

Exit mobile version