ഒളിമ്പിക്സ് അടുത്തിരിക്കെ ഇന്ത്യന്‍ ഗുസ്തി താരം ബജ്‌രംഗ് പൂനിയയെ സസ്പെന്‍ഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ). ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പൂനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌രംഗ് പൂനിയ. ഇതിനോടുള്ള പ്രതികാര നടപടിയായും സസ്പെന്‍ഷന്‍ വിലയിരുത്തപ്പെടുന്നു. ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബജ്‌രംഗ് പൂനിയയുടെ പാരിസ് ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് നാഡയുടെ നടപടി.
ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയയുടെ പരിശോധനാ സാംപിളുകള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെങ്കിലും പുനിയ തയ്യാറായില്ലെന്നാണ് നാഡ പറയുന്നത്. മാർച്ച് പത്തിനാണ് സാംപിൾ നൽകാൻ ബജ്‍രംഗ് പൂനിയയോട് ആവശ്യപ്പെട്ടത്.
ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടിസിനും പൂനിയ മറുപടി നൽകിയിരുന്നില്ല. ഇതോടെയാണ് നടപടിയെടുത്തത്.
ഇപ്പോള്‍ നിര്‍ജീവമായ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഡ്‌ഹോക് കമ്മിറ്റിയ്ക്കാണ് പൂനിയയെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറിയിരിക്കുന്നത്. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്ന കിറ്റ് കാലാവധി കഴിഞ്ഞതാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് വീഡിയോയിലൂടെ പൂനിയ ആരോപിച്ചിരുന്നു.
ഇന്ത്യയില്‍ യോഗ്യതാമാച്ചില്‍ പരാജയപ്പെട്ടാലും, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് എന്ന നിലയില്‍ മേയ് 31ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ പൂനിയയ്ക്ക് ക്ഷണം ലഭിച്ചേക്കും. അതേസമയം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ നോട്ടിസിന് മറുപടി നൽകാൻ പൂനിയയ്ക്ക് ഇനിയും സമയമുണ്ട്. മേയ് ഏഴിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്.
English Summary:A sample was not submitted for doping testing; Wrestler Bajrang Poonia suspended
You may also like this video