Site icon Janayugom Online

രണ്ടാം ക്ലാസുകാരന്‍ അമ്മീ, അബ്ബുവെന്ന് വിളിച്ചു; പാഠപുസ്തകം നിരോധിക്കണമെന്ന് രക്ഷിതാക്കള്‍

പാഠപുസ്തകത്തിലെ ഇംഗ്ലീഷ് അധ്യായം വായിച്ചതിന് ശേഷം മകന്‍ തങ്ങളെ അമ്മി അബ്ബുവെന്ന് വിളിക്കാന്‍ തുടങ്ങിയെന്ന് പരാതിയുമായി മാതാപിതാക്കള്‍. ഡെറാഡൂണിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇംഗ്ലീഷ് പുസ്തകം ഗുൽ മോഹര്‍2വിലെ പാഠ ഭാഗം വായിച്ചതിന് ശേഷം അമ്മി അബ്ബുവെന്ന് വിളിക്കാന്‍ തുടങ്ങിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പാഠപുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് മനീഷ് മിത്തല്‍ ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലും കുട്ടിയുടെ പിതാവ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കുട്ടി അമ്മീ അബ്ബുവെന്ന് വിളിച്ചത് തങ്ങളെ വളരെയധികം ഞെട്ടിച്ചുവെന്നും അപ്പോഴാണ് മകന്‍ തങ്ങളെ ഇംഗ്ലീഷ് പാഠപുസ്തകം കാണിച്ചു തന്നതെന്നും അവര്‍ പറഞ്ഞു. ഓറിയന്റ് ബ്ലാക്ക് സ്വാൻ, ഹൈദരാബാദ് പ്രസിദ്ധീകരിച്ച ഗുൽ മോഹർ 2ലാണ് അമ്മയ്ക്കും അച്ഛനും യഥാക്രമം അമ്മി, അബ്ബു എന്നിവ ഉപയോഗിച്ചിരിക്കുന്നത്. ഹിന്ദി പുസ്തകങ്ങളിൽ മാതാ, പിതായെന്നും, ഉറുദു പുസ്തകങ്ങളിൽ അമ്മി, അബ്ബു എന്നിങ്ങനെയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇംഗ്ലീഷ് പുസ്തകത്തിൽ മാതാപിതാക്കളെ പരാമർശിക്കാൻ അമ്മിയും അബ്ബുവും ഉപയോഗിക്കുന്നത് തെറ്റാണെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം രാജ്യത്തുള്ള എല്ലാ ഐസിഎസ്ഇ സ്കൂളുകളിലും ഗുൽ മോഹർ 2 പുസ്തകമാണുള്ളതെന്ന് മിത്തല്‍ പറഞ്ഞു. ഇംഗ്ലീഷ് സ്കൂളുകളുടെ പാഠ്യപദ്ധതിയില്‍ ഇത്തരം തെറ്റായ രീതികൾ അവസാനിപ്പിക്കണമെന്നും തങ്ങളുടെ വിശ്വാസത്തിനും മതവിശ്വാസത്തിനും നേരെയുള്ള കടുത്ത ആക്രമണമാണെന്ന് കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. മതവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലയിൽ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തണമെന്നും അധികൃതരോട് കത്തിലൂടെ അഭ്യർത്ഥിച്ചു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകി. 

Eng­lish Summary;A sec­ond grad­er called Ammi, Abbu; Par­ents want to ban the textbook
You may also like this video

Exit mobile version