പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യവസായി ഗൗതം അഡാനിയും ഉൾപ്പെട്ട ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ കോൺഗ്രസിനും മുതിർന്ന നേതാക്കൾക്കും അഹമ്മദാബാദ് കോടതി നിർദ്ദേശം നൽകി. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ സിവിൽ അപകീർത്തിക്കേസിലാണ് അഡീഷണൽ സിവിൽ ജഡ്ജി ശ്രീകാന്ത് ശർമ്മയുടെ ഉത്തരവ്. കോൺഗ്രസ് പാർട്ടിക്ക് പുറമെ നേതാക്കളായ ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ്, പവൻ ഖേര, ഉദയ് ഭാനു ചിബ് എന്നിവർ വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
ഡിസംബർ 17ന് കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ഇതിൽ പരാജയപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ വീഡിയോ നീക്കം ചെയ്യാൻ എക്സ്, ഗൂഗിൾ എന്നീ കമ്പനികൾക്കും കോടതി നിർദ്ദേശം നൽകി. വീഡിയോയിലൂടെ അഴിമതി, ഭൂമി കൈയേറ്റം തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ശ്രമിച്ചുവെന്ന അഡാനി ഗ്രൂപ്പിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രചാരണങ്ങൾ പരാതിക്കാരന് നികത്താനാവാത്ത ദോഷമുണ്ടാക്കുമെന്ന് നിരീക്ഷിച്ച കോടതി, കേസിൽ ഡിസംബർ 29ന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

