ഇറാനിലെ യുഎസ്-ഇസ്രയേല്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ പശ്ചിമേഷ്യയിലും ലോകത്തിനും വളരെ ഭയാനകമായിരിക്കും. കുവൈറ്റ്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഇതിനകം തിരിച്ചടിച്ചിട്ടുണ്ട്. യുഎസിന്റെ ആക്രമണം നിലനിൽപ്പിന് ഭീഷണിയായി കാണുന്നുണ്ടെന്നതിനാല്‍ പ്രത്യാക്രമണത്തില്‍ നിന്ന് ഇറാന്‍ പിന്മാറാന്‍ സാധ്യതയില്ല. മേഖലയിലെ സഖ്യകക്ഷികളായ യെമനിലെ ഹൂതികളെയും ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സുകളെയും ലെബനനിലെ ഹിസ്ബുള്ളയെയും ഇറാന്‍ പിന്തുണയ്ക്ക് സമീപിച്ചേക്കാം. അമേരിക്കയുടെ സഹായത്തോടെയും പിന്തുണയോടെയും ഇസ്രയേൽ നടത്തിയ രണ്ട് വർഷത്തെ ആക്രമണങ്ങളിൽ ഇവ ദുര്‍ബലമാണെങ്കിലും സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള ഇറാന്റെ തിരിച്ചടിക്ക് മേഖലയിലുടനീളം സംഘർഷം വ്യാപിപ്പിക്കാൻ ശേഷിയുണ്ട്. ലോകത്തിലെ എണ്ണയുടെ നാലിലൊന്ന് ഭാഗവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ കഴിയുമെന്ന് റഷ്യൻ നാവികസേനയുമായി അടുത്തിടെ നടത്തിയ അഭ്യാസങ്ങളിൽ ഇറാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി എണ്ണവില കുതിച്ചുയരുകയും ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും.
ഈ യുദ്ധത്തിന് ഒരു സാംസ്കാരിക ഘടകവുമുണ്ട്. റംസാൻ മാസത്തിലാണ് ഇസ്രയേലും യുഎസും യുദ്ധം നടത്തുന്നത്. യൂറോപ്യൻ തലസ്ഥാനങ്ങളിലെ മുസ്ലിങ്ങളും യുദ്ധവിരുദ്ധ പ്രവർത്തകരും ചേർന്ന് ഈ യുദ്ധത്തെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള വ്യക്തമായ ആക്രമണമായി കാണും. ട്രംപും നെതന്യാഹുവും ആഗ്രഹിക്കുന്ന ദിശയിലേക്ക് ആഗോള പൊതുജനാഭിപ്രായം എളുപ്പത്തിൽ ചലിപ്പിക്കപ്പെടില്ല. ട്രംപും നെതന്യാഹുവും ഇറാനെതിരായ ആക്രമണത്തിലൂടെ ലോകത്തെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള സാധ്യതയുണ്ട്. കൂടുതൽ അഭയാർത്ഥികൾ, സാമ്പത്തിക പ്രതിസന്ധികൾ, ആഘാതങ്ങൾ, മരണം, നാശം എന്നിവയാണ് മുന്നിലുള്ളത്. നയതന്ത്രത്തിനാണ് ഈ സാഹചര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. നിയമവിരുദ്ധമായ യുദ്ധം തുടങ്ങിവച്ച് ഭരണമാറ്റത്തിന് ശ്രമിക്കുന്നത് മണ്ടത്തരമാണ്. ഇറാൻ കൂടുതൽ അസ്ഥിരമായാൽ, മുഴുവൻ പശ്ചിമേഷ്യയും അതിനപ്പുറവും പൂർണമായ പ്രക്ഷുബ്ധതയിലേക്ക് തള്ളിവിടപ്പെടും. അതിലൂടെ ആഗോള സമൂഹം നേരിട്ടും പരോക്ഷമായും അനിശ്ചിതത്വത്തിലാകും.

