നായയുടെ കടിയേറ്റ് വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേവിഷബാധയേറ്റു. വിളക്കുടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞമാസം എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. താറാവിനെ കടിക്കാൻ വന്ന നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയുടെ അമ്മ മുറിവ് കഴുകുകയും തൊട്ടടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോകുകയും പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ് (ഐഡിആർവി ഡോസ്) എടുക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ ആന്റി റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി കുത്തിവയ്പെടുത്തു. മേയ് ആറിനാണ് അവസാന ഡോസ് എടുക്കേണ്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.
13 കാരിയുടെ മരണം പേവിഷബാധ മൂലമെന്ന് പരാതി
കോഴഞ്ചേരി: ആന്റീ റാബീസ് വാക്സിൻ എടുത്ത 13 കാരിയുടെ മരണം പേവിഷബാധ മൂലമെന്ന് പരാതി. നാരങ്ങാനം നോർത്ത് കണമുക്ക് തറഭാഗം സ്വദേശിനി രമ്യയുടെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മിയാണ് ഏപ്രിൽ ഒമ്പതിന് മരണപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 13ന് രാവിലെ സ്ക്കൂളിലേക്ക് പോകാനായി റോഡിൽ നിൽക്കുമ്പോഴാണ് ഭാഗ്യലക്ഷ്മിക്ക് അയല്‍വാസിയുടെ വളർത്തുനായയുടെ കടിയേറ്റത്. കുട്ടിയുടെ കൈത്തണ്ടയിലും കാലിലും നായയുടെ കടിയേറ്റു. കയ്യിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഉടൻ തന്നെ കുട്ടിയുടെ മുറിവുകൾ സോപ്പിട്ട് കഴുകിയ ശേഷം എട്ട് മണിയോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. വാക്സിൻ എടുത്ത് ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുകയും ചെയ്തു. കുട്ടിയെ കടിച്ച നായയും ഈ നായ കടിച്ച മറ്റ് രണ്ട് നായ്ക്കളും ചത്തതോടെ ഭാഗ്യലക്ഷ്മിയുടെ മാതാവ് ശില്പാ രാജൻ നാരങ്ങാനം പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നൽകി. എന്നാൽ കമ്പ്യൂട്ടറിലെ സാങ്കേതിക തടസം കാരണം പരാതി സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
വാക്സിൻ എടുത്തതോടെ തങ്ങളുടെ കുട്ടി സുരക്ഷിതയായെന്ന് കരുതി ശില്പാ രാജനും പിന്നീട് പരാതിയുമായി മുന്നോട്ട് പോയില്ല. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒന്നിന് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് പനി ആണെന്ന് പറഞ്ഞ് ഒആർഎസ് കൊടുത്ത് മടക്കി അയച്ചു. മൂന്നിനും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വീണ്ടും പനിക്ക് മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തു. എന്നാൽ കുട്ടിക്ക് ചന്നി പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായതോടെ ഭയപ്പാടിലായ മാതാവ് ഭാഗ്യലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെനിന്നും തിരുവല്ലയിലെ ആശുപത്രിയിലെക്ക് മാറ്റുകയും വിദഗ്ധ ചികിത്സക്കായി പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവിടേക്കുള്ള യാത്രക്കിടെ ഭാഗ്യലക്ഷ്മിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ അമൃത ആശുപത്രി അധികൃതരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ കുട്ടിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്.

