Site iconSite icon Janayugom Online

ഏഴ് വയസുകാരി അനന്തരവളുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു; പിതൃസഹോദരിക്ക് ജാമ്യം

പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ നല്‍കിയ 50 രൂപയില്‍ നിന്ന് 10 രൂപയെടുത്ത് ചോക്ലേറ്റ് വാങ്ങിയതിന് ഏഴ് വയസുകാരി അനന്തരവളെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. പ്രതി 4 വര്‍ഷവും 6മാസവുമായി ജയിലിലാണെന്നും വിചാരണയില്‍ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നും ജസ്റ്റിസ് എസ് ജി ഡിഗെയുടെ ബെഞ്ച് നിരീക്ഷിച്ചുകൊണ്ടാണ് ജാമ്യം നല്‍കിയത്.

കുട്ടിയുടെ അമ്മയുടെ മരണശേഷം രക്ഷിതാവായ പിതൃസഹോദരിയാണ് പ്രതി. 2020 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ വന്ദന കാലെ തന്റെ മരുമകള്‍ക്ക് കോഴിയിറച്ചിയും കരളും വാങ്ങാന്‍ 50 രൂപ നല്‍കി. കുട്ടി സാധനങ്ങളുമായി തിരികെയെത്തിയപ്പോള്‍ 10 രൂപ ചോക്ലേറ്റ് വാങ്ങിയതായി കണ്ടെത്തുകയും ഇത് വന്ദനെ കാലെയെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈകളും കാലുകളും കൂട്ടിക്കെട്ടി, വായില്‍ തൂവാല തിരുകുകയും ചുട്ടുപഴുപ്പിച്ച സ്പൂണ്‍ ഉപയോഗിച്ച് കുട്ടിയുടെ തുടയിലും സ്വകാര്യഭാഗങ്ങളിലും പൊള്ളലേല്‍പ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ് നല്‍കിയിരിക്കുന്നത്.

ഗുരുതരമായ പരിക്കുകള്‍ കാരണം കുട്ടിക്ക് നടക്കാന്‍ കഴിയില്ലെന്ന് അയല്‍ക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ്. നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2020 ഒക്ടോബറില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിക്കാരി ജാമ്യത്തിനായി അപ്പീല്‍ നല്‍കിയത്.

മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ ജയിലിലാണെന്നും വിചാരണയില്‍ പുരോഗതിയില്ലെന്നും പ്രതിഭാഗം വാദിച്ചു. ജയിലില്‍ ഇവര്‍ക്കൊപ്പമുള്ള ഏഴ് വയസുള്ള മകള്‍ ഉള്‍പ്പെടെ നാല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരിചാരക കൂടിയാണ് എന്ന നിലയില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇരയെയോ സാക്ഷികളേയോ പ്രതി ഭീഷണിപ്പെടുത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. അതേസമയം പ്രതിക്ക് മുന്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലെന്നും കോടതി പറഞ്ഞു.

Exit mobile version