Site iconSite icon Janayugom Online

കയറ്റുമതിക്ക് വൻതിരിച്ചടി; ഗൾഫിലേക്കുള്ള സാധനങ്ങൾ കെട്ടിക്കിടക്കുന്നു

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി പശ്ചിമേഷ്യയിൽ സംഘർഷം ഉടലെടുത്തതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതിക്ക് വൻതിരിച്ചടി. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതിന്റെ ഫലമായി വിമാനത്താവളങ്ങളിൽ ഉല്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ഗൾഫിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങളിൽ കയറ്റിയാണ് കേരളത്തിൽ നിന്നുള്ള ഉല്പന്നങ്ങൾ ഗൾഫിൽ എത്തിക്കുന്നത്. കറിവേപ്പില മുതൽ വാഴയില, വരെ ഗൾഫ് മേഖലയിലുടനീളമുള്ള ഏകദേശം 23 ലക്ഷം കേരളീയ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു കയറ്റുമതി.

ഗൾഫ് മേഖലയിലെ സാഹചര്യം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രവർത്തിക്കുന്ന ഏകദേശം 70 കയറ്റുമതിക്കാർക്ക് കനത്ത തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പ്രതിദിനം 90 ടൺ നാടൻ പച്ചക്കറികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. തടസ്സം കയറ്റുമതി മേഖലയെ തളർത്തുകയും കർഷകർക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു. കയറ്റുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ വില കുത്തനെ ഇടിയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. റംസാൻ വിപണി കർഷകർക്കും കയറ്റുമതിക്കാർക്കും സീസണായിരുന്നു. പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്ന് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പറയുന്നു. റമദാൻ കണക്കിലെടുത്ത് വാഴപ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾക്ക് ഗണ്യമായ ഓർഡറുകൾ ഉണ്ടായിരുന്നു. 

Exit mobile version