Site iconSite icon Janayugom Online

ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം ; ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ

വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം. ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 

കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കിയത്. ആഴ്ചയിലെ അവധി ജീവനക്കാര്‍ കൃത്യമായി എടുക്കണമെന്ന് ഉള്‍പ്പെടെയായിരുന്നു നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായതോടെ ഇന്‍ഡിഗോയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായി. 

വാരാന്ത്യ വിശ്രമവുമായി ബന്ധപ്പെട്ട നിര്‍ദേശത്തില്‍ ഉള്‍പ്പെടെ ഇളവ് അനുവദിക്കണമെന്ന് ഇന്റിഗോ വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയും ഇത് അംഗീകരിക്കപ്പെടുകയുമായിരുന്നു.ഇന്നലെ മാത്രം 550 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്നും നിരവധി സര്‍വീസുകള്‍ മുടങ്ങി. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

Exit mobile version