Site iconSite icon Janayugom Online

തകര്‍പ്പന്‍ ജയം; ബംഗളൂരുവിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബംഗളൂരു എഫ്‌സിക്കെതിരെ 2–1ന്റെ വിജയം സ്വന്തമാക്കിയാണ് കൊമ്പന്‍മാരുടെ തുടക്കം. കളിയുടെ അവസാന നിമിഷങ്ങളിലാണ് ബംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം ചോദിക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കച്ചകെട്ടിയത്. കനത്ത മഴയില്‍ പോരാട്ടം വീര്യം ചോരാതെ ടീം ജയിച്ചത്. കനത്ത മഴയിലും ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകര്‍ തടിച്ചുകൂടി. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി. ആദ്യ പകുതിയില്‍ ആധിപത്യവും മഞ്ഞപ്പടയ്ക്ക് തന്നെ. ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോളാണ് കളിച്ചത്. ബം​ഗളൂരുവും പതിയെ കളിയിലേക്ക് തിരിച്ചെത്തി ആക്രമണം കടുപ്പിച്ചു. ഓൺ ടാർ​ഗറ്റിലേക്ക് ഇരു ടീമുകളും അഞ്ച് തവണ ശ്രമം നടത്തി. ബ്ലാസ്റ്റേഴ്സ് ഒൻപത് തവണയും ബം​ഗളൂരു 10 തവണയും ഷോട്ട് അടിച്ചു. കൊമ്പൻമാർക്കായി വല കാത്തത് മലയാളി താരം സച്ചിൻ സുരേഷായിരുന്നു.

ബംഗളൂരിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് തുറന്നതെങ്കിലും 17 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിലാണ് സെല്‍ഫ് ഗോള്‍ നേടിയത്. കെസിയ വീന്‍ഡ്രോപിന്റെ ഷോട്ടാണ് സെല്‍ഫായി കലാശിച്ചത്.
69ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോള്‍ വലയിലാക്കിയത്. 90ാം മിനിറ്റില്‍ കര്‍ടിസ് മെയ്‌നാണ് ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.

Eng­lish Summary:A smash­ing win; Ker­ala Blasters start­ed by crush­ing Bengaluru
You may also like this video

Exit mobile version