ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിനായി പ്രത്യേക നവീകരണ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച് ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഉടൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ്ണ മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിനൊപ്പം പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്ന ‘ഓണക്കോടി വാങ്ങിയല്ലോ പഴയ തുണികൾ പടിക്ക് പുറത്ത്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്കരണത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ജലമാലിന്യ സംസ്കരണം സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പാക്കണം. പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിൽ ജലാശയങ്ങൾക്ക് വലിയ പങ്കാണുള്ളത്. നീരുവറ്റിയ ജലാശയങ്ങളെ വീണ്ടെടുക്കാനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. കുട്ടംപേരുർ ആറിൻറെ നവീകരണത്തിലൂടെ ഇല്ലാതായിക്കൊണ്ടിരുന്ന ജലസ്രോതസിനെ തിരിച്ചുപിടിക്കാനായെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ, അംഗങ്ങളായ വത്സല മോഹൻ, ടി എസ് താഹ, സി കെ ഹേമലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ പുഷ്പലത മധു, ടി സി സുനിമോൾ, എം ജി ശ്രീകുമാർ, ജെയിൻ ജിനു ജേക്കബ്, എൻ പത്മാകരൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം എൻ പത്മാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ്, ഐആർടിസി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജയൻ ചമ്പക്കുളം, റീജിയണൽ കോ-ഓർഡിനേറ്റർ ജാഫർ ഷെറീഫ്, ഗ്രാമപഞ്ചായത്ത് കോ-ഓർഡിനേറ്റർമാർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary:A special plan will be implemented for Vembanad backwater renovation: Minister Saji Cherian
You may also like this video