Site iconSite icon Janayugom Online

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പ്രത്യേകം ഷെഡ്യൂള്‍ തയാറാക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പ്രത്യേകം ഷെഡ്യൂള്‍ തയാറാക്കി നടപ്പാക്കാന്‍ തീരുമാനം. മെഡിക്കല്‍ കോളജുകളിലെ പദ്ധതികള്‍ പ്രത്യേക പരിഗണന നല്‍കി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും തീരുമാനം. ഷെഡ്യൂള്‍ അനുസരിച്ച് പ്രവൃത്തി നടത്തുന്നുവെന്ന് നേരിട്ട് ഉറപ്പു വരുത്താന്‍ കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭരണാനുമതി ലഭിച്ച പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കും. സാങ്കേതികാനുമതി ലഭിച്ചിട്ടില്ലാത്ത എല്ലാ പ്രവൃത്തികളും കൃത്യമായ സമയക്രമം നിശ്ചയിച്ച് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസൈന്‍ നിശ്ചിത സമയത്ത് തന്നെ ലഭ്യമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഡിസൈന്‍ പ്രവൃത്തികളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കും. കോംപസിറ്റ് ടെണ്ടര്‍ നടപ്പാക്കി പദ്ധതികള്‍ വേഗത്തിലാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പും പൊതുമരാമത്ത് വകുപ്പുമായുള്ള ഏകോപനം ശക്തിപ്പെടുത്തും.

പൊതുമരാമത്ത് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും ചേര്‍ന്ന് ഉദ്യോഗസ്ഥതതല അവലോകന യോഗങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നടത്തുവാനും വര്‍ഷത്തില്‍ മൂന്നു തവണ ആരോഗ്യ‑പൊതുമരാമത്ത് മന്ത്രിമാര്‍ പങ്കെടുത്തു കൊണ്ടുള്ള യോഗങ്ങള്‍ ചേരുവാനും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ പൊതുമരാമത്ത് പ്രവൃത്തികളും അവലോകനം ചെയ്യും. മെഡിക്കല്‍ കോളജുകളില്‍ മാസ്റ്റര്‍ പ്ലാന്‍ ഇല്ലാത്തിടത്ത് അവ തയാറാക്കും.

Eng­lish summary;A spe­cial sched­ule will be pre­pared for pub­lic works in gov­ern­ment med­ical colleges

You may also like this video;

Exit mobile version