വ്യവസായ വകുപ്പിന് കീഴിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്‌ക്ക് അർഹിക്കുന്ന പ്രധാന്യം നൽകുകയാണ് ലക്ഷ്യം. വ്യവസായ സംഘടനകൾ നവകേരള സദസിലുയർത്തിയ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വ്യവസായങ്ങളുടെ രൂപീകരണത്തിനും വളർച്ചയ്‌ക്കും പിന്തുണ നൽകുന്ന നയങ്ങൾ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് കേരളത്തിൽ വ്യവസായ വകുപ്പ് രൂപീകരിച്ചത്. മാറുന്ന കാലത്തെ ആവശ്യങ്ങൾ കണക്കിലെടുത്ത്, വ്യാപാര വാണിജ്യ മേഖലയ്ക്ക് ഊന്നൽ നൽകാൻ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വാണിജ്യ വ്യാപാര പ്രവർത്തനങ്ങളുടെയും സ്ഥാപനങ്ങളുടെയും വളർച്ചയ്‌ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുങ്ങും.
ട്രേഡ് പ്രമോഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാരിന് പ്രത്യേക വാണിജ്യ വകുപ്പുണ്ട്. ഇതിനു സമാനമായ സംവിധാനമാണ് നടപ്പാക്കുന്നത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറിയാക്കും. വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യാൻ വ്യവസായ വകുപ്പിന് കീഴിൽ അണ്ടർ സെക്രട്ടറിയെ നിയോഗിക്കും.
എംഎസ്‌എംഇകൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്ക് ലഭിക്കും, എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും ഇൻഷുറൻസ് പ്രീമിയത്തിന്റെ പകുതി സർക്കാർ അടയ്‌ക്കും, നാലു ശതമാനം പലിശനിരക്കിൽ 10 ലക്ഷം രൂപ വരെ വായ്‌പ, മികച്ച വ്യാപാര സ്ഥാപനങ്ങൾക്ക് അവാർഡ്, തദ്ദേശസ്ഥാപനങ്ങളിലെ ഇഡിഇമാരുടെയും ഹെൽപ്പ് ഡെസ്‌കുകളുടെയും സേവനം വ്യാപാരസ്ഥാപനങ്ങൾക്കും ലഭിക്കും തുടങ്ങിയവയാണ് പ്രധാന നേട്ടങ്ങള്‍.
English Summary: A special section for commercial purposes under the Industries Department
You may also like this video