ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കഴിവുകളെ ലോകത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുഭരണകൂടം സംഘടിപ്പിച്ച ‘ഷോർട്ട് റോപ്പ്’ എന്ന നാടകം ശ്രദ്ധേയമാകുന്നു. ബുധനാഴ്ച നടന്ന നാടകത്തിന്റെ പ്രത്യേക പ്രദർശനത്തിൽ സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല മുഖ്യാതിഥിയായിരുന്നു.
വാർത്താവിനിമയ മന്ത്രാലയത്തിന്റെയും യു.എൻ പ്രതിനിധി ഓഫീസിന്റെയും സഹകരണത്തോടെയാണ് ഈ കലാവിരുന്ന് ഒരുക്കിയത്. മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷം വേദിയിലെത്തിയ ഭിന്നശേഷിക്കാരായ കലാകാരന്മാർ, തങ്ങളുടെ പരിമിതികളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് തങ്ങളെന്ന് വിളിച്ചോതുന്നതായിരുന്നു അവരുടെ ഓരോ ചലനങ്ങളും.
‘ഷോർട്ട് റോപ്പ്’ ജനുവരി 16, 17 തീയതികളിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ പ്രതിഭകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇത്തരം കലാ വേദികൾ സഹായിക്കുമെന്നും ഈ അതുല്യ പ്രതിഭകളുടെ കലാമികവിന് സാക്ഷിയാകുവാൻ മുഴുവൻ ആളുകളെയും ഔദ്യോഗിക പ്രദർശനത്തിന് ക്ഷണിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

