Site iconSite icon Janayugom Online

ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

israelisrael

ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതിനുപിന്നാലെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രാജ്യവ്യാപകമായി 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് രാജ്യത്ത് വിലക്കുണ്ട്. ഞായറാഴ്ച രാവിലെ ആറ് മണിമുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുന്നത്. വടക്കൻ ഇസ്രായേലിൽ 320-ലധികം റോക്കറ്റുകളും നിരവധി ഡ്രോണുകളും തൊടുത്തുവിട്ടതിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തതിനുപിന്നാലെയാണ് ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേലും ആക്രമണം അഴിച്ചുവിട്ടത്. 

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും പ്രധാന കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ കടുത്ത ഡ്രോണ്‍ – റോക്കറ്റ് ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ മുന്‍കൂട്ടി ആക്രമണം ആരംഭിച്ചിരുന്നു.

ബെയ്റൂട്ടിലെ ഇസ്രായേല്‍ ആക്രമണത്തിനും ഹമാസിന്റെ രാഷ്ട്രീയ നേതാവിന്റെ ടെഹ്റാനിലെ കൊലപാതകത്തിനും പിന്നില്‍ ഇസ്രായേലാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും ഇറാനും പ്രതിജ്ഞയെടുത്തതിന് ശേഷം മിഡില്‍ ഈസ്റ്റ് ആഴ്ചകളോളം പ്രതിസന്ധിയിലാണ്.

ആക്രമണ സാധ്യത കൂടുതലായതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രതിരോധ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version