ശ്വാസകോശ അർബുദത്തിന് ആശ്വാസമായി മെഡിക്കൽ കോളേജ് നെഞ്ച് രോഗ ആശുപത്രിയിൽ അത്യാധുനിക സംവിധാനം ഒരുങ്ങി. ശ്വാസകോശാർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ചികിത്സ സംവിധാനമായ ബ്രോ ങ്കോസ്കോപ്പി നാവിഗേഷൻ സിസ്റ്റമാണ് നെഞ്ചു രോഗാശുപത്രിയിൽ സജ്ജീകരിച്ചത്. ശ്വാസകോശത്തിലെ അതിസൂഷ്മ മുഴ വരെ ഈ സംവിധാനം വഴി കണ്ടെത്താനും ചികിത്സിക്കാനും കഴിയും. നിലവിൽ ഫൈബർ ഒപ്റ്റിക് ബ്രോങ്കോസ്കോപ്പി, റിജിസ് ബ്രോങ്കോസ്കോപ്പി, തൊറാക്കോ സ്കോപ്പി, എൻഡോ ബ്രോഗിയൽ അൾട്രാ സൗണ്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എന്നാൽ ഇതിനൊന്നും ശ്വാസനാളത്തിൽ നിന്നും അകന്ന് സ്ഥിതിചെയ്യുന്ന അർബുദ മുഴകളെ ഇത്ര സൂക്ഷ്മതലത്തിൽ കണ്ടെത്താൻ കഴിയില്ല.
വർഷത്തിൽ 1500 ഓളം രോഗികളാണ് ഈ രോഗാവസ്ഥയുമായി ഇവിടെയെത്തുന്നത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെയും അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെയും ആസ്തി വികസന ഫണ്ടിൽ 50 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ അത്യാധുനിക സംവിധാനം സജ്ജീകരിക്കുന്നത് വെള്ളിയാഴ്ച എംഎൽഎമാർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

