ബൈക്കിൽ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ബിബിഎ ഏവിയേഷൻ വിദ്യാർത്ഥി സ്വകാര്യബസിന് അടിയിൽപ്പെട്ട് മരിച്ചു. ട്രെയിനിൽ കോളജിലേക്ക് പോകുന്നതിനു വേണ്ടി ബസിൽ കയറുന്നതിന് പിതാവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പിതാവിനും ഇവരുടെ ബൈക്കിൽ ഇടിച്ച സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. കുളപ്പാടം ചാലുവിള (പുളിയത്ത്) വീട്ടിൽ നാസറുദീന്റെയും നെസിയയുടെയും മകൻ നൗഫൽ (20) ആണ് മരിച്ചത്. പിതാവ് നാസറുദ്ദീനും സ്കൂട്ടർ യാത്രക്കാരനായ മീയണ്ണൂർ സ്വദേശി പുഷ്പാംഗദൻ (67) നും കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ണനല്ലൂർ വടക്കേ മുക്ക് കുളപ്പാടം റോഡിൽ വടക്കേ മുക്കിനടുത്ത് സ്വകാര്യ ആയുർവേദ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. എറണാകുളത്തെ വിഷൻ സ്കൂൾ ഓഫ് ഏവിയേഷനിൽ ബിബിഎ ഏവിയേഷന് പഠിക്കുന്ന നൗഫലിനെ ബസിൽ കയറ്റി വിടുന്നതിനായി പിതാവ് ബൈക്കിൽ വരവേ എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടർ ബൈക്കിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ചുവീണ നൗഫൽ കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ബസിനടിയിൽപ്പെടുകയുമായിരുന്നു. ബസിനടിയിൽപ്പെട്ട നൗഫൽ തൽക്ഷണം മരിച്ചു. പിതാവ് നാസറുദ്ദീൻ മറ്റൊരു വശത്തേക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നാസറുദ്ദീനെയും പുഷ്പനെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇരുവരും അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
നൗഫലിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണനല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ച നൗഫലിന്റെ സഹോദരി നൂർനിസ.