Site iconSite icon Janayugom Online

ക്ഷേത്രത്തിലേക്ക് പോയ വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ; പുലിയുടെ ആക്രമണമെന്ന് സംശയം

ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ ക്ഷേത്രദർശനത്തിന് പോയ ഒമ്പതാം ക്ലാസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ സുമന്ത് ആണ് മരിച്ചത്. കുവെട്ടു ഗ്രാമത്തിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകനാണ് സുമന്ത്. കുട്ടിയുടെ തലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ഏറുകയാണ്. പുലികൾ സ്ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ പുലിയുടെ ആക്രമണമാണോ മരണകാരണമെന്ന സംശയം നാട്ടുകാർ ഉയർത്തുന്നുണ്ട്.

ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ നള ക്ഷേത്രത്തിലെ ധനുപൂജയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു സുമന്ത്. വഴിയിൽ കാത്തുനിൽക്കാമെന്ന് പറഞ്ഞ സ്ഥലത്ത് സുമന്തിനെ കാണാതായതോടെ സുഹൃത്തുക്കൾ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കുളത്തിന് സമീപം രക്തക്കറ കണ്ടെത്തിയത്. തുടർന്ന് പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ നടത്തിയ തെരച്ചിലിനൊടുവിൽ പകൽ 11.30ഓടെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺ കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Exit mobile version