കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്ത് പഠിപ്പിക്കണമെന്ന് കരിക്കുലം കമ്മിറ്റി. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉള്‍പ്പെടുത്തി ഓരോ വിഷയങ്ങൾക്കും സപ്ലിമെന്ററി പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ സർക്കാര്‍ അനുവാദത്തിന് കരിക്കുലം കമ്മിറ്റി അധ്യക്ഷൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ചുമതലപ്പെടുത്തി.
അതേസമയം, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) അച്ചടിക്കുന്ന പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ഭാഷാവിഷയങ്ങൾ, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകമാണ് പരിഷ്കരിക്കാൻ തീരുമാനിച്ചത്.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് എൻസിഇആർടിയിൽനിന്ന് കേരളം സ്വീകരിക്കുന്നത്. ഇവയില്‍ നിന്ന് ഗാന്ധി വധം, ഗുജറാത്ത് കലാപം, മുഗൾ ഭരണം തുടങ്ങിയ ചരിത്ര ഭാഗങ്ങൾ മുഴുവൻ കേന്ദ്ര സർക്കാർ നിർദേശപ്രകാരം വെട്ടിമാറ്റിയിരുന്നു.
പുതിയ പുസ്തകങ്ങളിൽ ഈ ഭാഗങ്ങളില്ല. കരാർ പ്രകാരം എൻസിഇആർടിയുടെ പുസ്തകങ്ങൾ പഠിപ്പിക്കാൻ ബാധ്യതയുള്ളതിനാലാണ് കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് ഓരോ വിഷയത്തിനും ഉപപുസ്തകം കൂടി വിദ്യാർത്ഥികൾക്ക് നൽകണമെന്ന് കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്.
മന്ത്രിക്ക് പുറമെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ് എന്നിവരും അംഗങ്ങളും കരിക്കുലം കമ്മിറ്റിയിൽ പങ്കെടുത്തു.
English Summary: A sub-textbook should cover the sections omitted by the Centre: Curriculum Committee
You may also like this video