Site iconSite icon Janayugom Online

ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ വാള്‍ വീശി; തടയാൻ ശ്രമിച്ച സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു

ലഹരി സംഘത്തിന്റെ ആക്രമണം, ടൂറിസ്റ്റ് ഹോം ജീവനക്കാരന് നേരെ വാളു വീശി, തടയാൻ ശ്രമിച്ച സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു. താമരശ്ശേരി കാരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിന്റെ മുറ്റത്ത് വച്ച് അഞ്ചംഗ സംഘം മദ്യപിക്കുന്നത് സിസിടിവിയിലൂടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ടൂറിസ്റ്റ് ഹോം പരിസരം മദ്യപാനത്തിനായി ഉപയോഗിക്കരുത് എന്നു പറഞ്ഞതിനെ തുടർന്ന് അക്രമിസംഘത്തിലെ ഒരാൾ തന്റെ സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചു വച്ച നീളം കൂടിയ വാൾ എടുത്ത് ജീവനക്കാരനായ അൻസാറിനു നേരെ വീശുകയായിരുന്നു. ഇതു കണ്ട് പിടിച്ചു മാറ്റാൻ എത്തിയ തച്ചംപൊയിൽ സ്വദേശി മുഹമ്മദ് ലബീബിന്റെ കൈ ആക്രമിസംഘം സ്റ്റീൽപൈപ്പ് കൊണ്ട് തല്ലിയൊടിച്ചു. ടൂറിസ്റ്റ് ഹോമിലെ കമ്പ്യൂട്ടറിന്റെ പ്രശ്നം പരിഹരിക്കാനായി എത്തിയതായിരുന്നു ലബീബ്. വീശുമ്പോൾ നീണ്ടു വരികയും, പിന്നീട് ഫോൾ‍ഡ് ചെയ്ത് സ്റ്റിക്ക് ആയി മാറ്റാനും സാധിക്കുന്ന തരത്തിലുള്ള വാളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സ്കൂട്ടറിലും, പിക്കപ്പ് വാനിലുമായി എത്തിയ സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നതെന്നും ജീവനക്കാർ പറഞ്ഞു. താമരശ്ശേരി പൊലിസ് കേസെടുത്തു.

Exit mobile version