Site icon Janayugom Online

യുപിയില്‍ സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച് അധ്യാപിക

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മറ്റു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച് അധ്യാപിക. ഖുബ്ബാപൂർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലെ വിവാദ സംഭവത്തില്‍ തൃപ്തി ത്യാഗി എന്ന അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു.
ക്ലാസിലെ ഒരു മുസ്‌ലിം വിദ്യാർത്ഥിയെ മറ്റു വിദ്യാർത്ഥികളെ കൊണ്ട് അധ്യാപിക അടിപ്പിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സ്‌കൂളിലെ ക്ലാസ്മുറിക്കു മുമ്പിലായി നിർത്തിയ ഏഴുവയസുകാരന്റെ മുഖത്ത് മറ്റു വിദ്യാർത്ഥികൾ ഓരോരുത്തരായി എഴുന്നേറ്റുവന്ന് അടിക്കുന്നതാണ് ദൃശ്യം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാർത്ഥികളെ അധ്യാപിക വഴക്കുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രചരിച്ച വിഡിയോയില്‍ ഇവര്‍ കുട്ടിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്.
ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരിലാണ് ശിക്ഷ നല്‍കിയതെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ തൃപ്തി ത്യാഗിയുടെ വാദം. സ്കൂളിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വന്ന കുട്ടിയുടെ ഒരു ബന്ധുവാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. മകന് നിരന്തരം മാനസിക, ശാരീരിക പീഡനങ്ങള്‍ നേരിടുന്നതായും സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് തീരുമാനിച്ചതായും കുട്ടിയുടെ പിതാവ് പറയുന്നു. മുമ്പും വിദ്യാർത്ഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദ്ദനമേറ്റ കുട്ടിയുടെ മാതാവും പ്രതികരിച്ചു.
സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ മുസഫര്‍നഗര്‍ പൊലീസ് കേസെടുത്തു. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍. തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടു. സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പറഞ്ഞു.
Eng­lish sum­ma­ry; A teacher slapped a Mus­lim stu­den­t’s face with her class­mates in UP
You may also like this video;
Exit mobile version